ചേർത്തല: കൊവിഡ് ദുരിതമനുഭവിക്കുന്നവർക്ക് അര ലക്ഷത്തോളം രൂപയുടെ പച്ചക്കറികൾ സൗജന്യമായി നൽകിയ ജൈവകർഷകൻ കഞ്ഞിക്കുഴി സ്വദേശി വി.പി.സുനിലിന്റെ വലിയമനസിനെ അംഗീകരിക്കാതെ വയ്യ.
വിഷു ലക്ഷ്യമിട്ട് കൃഷി ചെയ്ത സുനിലിന് ഇത്തവണ കനത്ത നഷ്ടമാണ് ഉണ്ടായത്. സീസൺ കൃഷിക്കു വേണ്ടി അഞ്ച് ലക്ഷം രൂപ ബാങ്കിൽ നിന്നു വായ്പയെടുത്തിരുന്നു. പ്രതീക്ഷിച്ച വിളവ് ലഭിച്ചെങ്കിലും കാര്യമായ വില കിട്ടിയില്ല. എറണാകുളം ജില്ലയിലാണ് സുനിലിന്റ പച്ചക്കറികളിൽ ഭൂരിഭാഗവും വിറ്റുപോയിരുന്നത്. എന്നാൽ നിലവിൽ പച്ചക്കറികൾ അവിടെ എത്തിക്കാൻ കഴിഞ്ഞില്ല. ദുരിതത്തിനിടയിലും എല്ലാ ദിവസവും ആയിരം രൂപയുടെ പച്ചക്കറികൾ സുനിൽ സൗജന്യമായി നാട്ടുകാർക്ക് നൽകുന്നുണ്ട്.
വിഷു പ്രമാണിച്ച് 150 രൂപയുടെ പച്ചക്കറി കിറ്റുകൾ നൂറ് പേർക്ക് സൗജന്യമായി നൽകി. കെ.കെ.കുമാരൻ പാലിയേറ്റീവ് മുഖാന്തിരം ജനകീയ ഭക്ഷണശാലയിലേക്കും കിസാൻ സഭയിലൂടെ കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്കും എ.ഐ.വൈ.എഫ് നടത്തുന്ന ആലപ്പുഴയിലെ ഭക്ഷണശാലയിലും പച്ചക്കറികൾ സൗജന്യമായി നൽകി. നാട്ടുകാർക്ക് നൽകിയ സൗജന്യ പച്ചക്കറി കിറ്റുകളുടെ വിതരണോദ്ഘാടനം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് നിർവഹിച്ചു. കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവർക്കായി അരലക്ഷത്തോളം രൂപയുടെ പച്ചക്കറികളാണ് സൗജന്യമായി വി.പി.സുനിൽ വിതരണം ചെയ്തത്.