പൂച്ചാക്കൽ: പാണാവള്ളി 12-ാം വാർഡ് പൂച്ചാക്കൽ മെഡിക്കൽ സെന്റർ പരിസരത്ത് മൂന്നു പേർക്ക് നായയുടെ കടിയേറ്റത് പരിഭ്രാന്തി പരത്തി.
കടിയേറ്റ പാടത്തുചിറ ബാബുവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരിയോടിയിൽ അനാർക്കലി, പള്ളിവെളി വിനു എന്നിവർക്ക് പ്രാഥമിക ചികിത്സ നൽകി. വിശപ്പും ദാഹവും ഇല്ലാതാവുകയും ഇടയ്ക്കിടെ പ്രകോപിതമാവുകയും ചെയ്യുന്ന പ്രത്യേക രോഗമാണ് നായ്ക്കൾക്ക് പിടിപെട്ടിരിക്കുന്നതെന്ന് മൃഗഡോക്ടർ മനുജയൻ പറഞ്ഞു. ഇത് പകർച്ചവ്യാധിയാണ്. അഞ്ചു നായ്ക്കൾ പരിസരത്ത് രോഗലക്ഷണങ്ങളോടെ അലഞ്ഞു തിരിയുന്നുണ്ട്. കടിച്ച നായയെ നാട്ടുകാർ പിടികൂടി. ഇന്ന് വിദഗ്ദ്ധ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം പി.എം.പ്രമോദ് പറഞ്ഞു.