photo

ചേർത്തല: കണ്ണിലെ അപൂർവ കാൻസർ രോഗത്തിന് കീമോ തെറാപ്പി പൂർത്തിയായ ഒന്നര വയസുകാരി അൻവിത ഹൈദരാബാദിലെ ചികിത്സയ്ക്കു ശേഷം നാട്ടിലെത്തി. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് ഇവർ ചേർത്തലയിലെ വീട്ടിലെത്തിയത്.

സഹായിച്ച മുഴുവൻ പേർക്കും അൻവിതയുടെ മാതാപിതാക്കളായ ചേർത്തല മുനിസിപ്പൽ 21-ാം വാർഡിൽ മുണ്ടുപറമ്പത്തുവെളി വിനിതും ഗോപികയും നന്ദി പറഞ്ഞു. ലോക്ഡൗൺ മൂലം രണ്ടാമത്തെ കീമോ ചെയ്യാൻ പ​റ്റുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. ആ വിഷമം സമൂഹമാദ്ധ്യമത്തിൽ പോസ്​റ്റ് ചെയ്തത് നിർണായകമായി. ഏറെ സുഹൃത്തുക്കളുടെയും മാദ്ധ്യമങ്ങളുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവരുടെയും സഹായമാണ് കുഞ്ഞിന് തുണയായതെന്ന് മാതാപിതാക്കൾ പറഞ്ഞു.

എല്ലാത്തിനും നേതൃത്വം നൽകിയ മുഖ്യമന്ത്റി പിണറായി വിജയൻ, ആരോഗ്യമന്ത്റി കെ.കെ.ശൈലജ,എ.എം.ആരിഫ് എം.പി, മുൻ മുഖ്യമന്ത്റി ഉമ്മൻചാണ്ടി,ബെന്നി ബെഹന്നാൻ എം.പി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ആംബുലൻസ് ഡ്രൈവർമാരായിരുന്ന എം. മനോജ്,ആർ. രാജീസ്, ഹൈദരാബാദിൽ സഹായിച്ച കണ്ണാട്ട് സുരേന്ദ്രൻനായർ, ജെ. ജോബി, ആരോഗ്യ വകുപ്പ്, സാമൂഹ്യ സുരക്ഷാ വകുപ്പ്, പൊലീസ് തുടങ്ങി ഒട്ടേറെപേർ സഹായിച്ചു. എല്ലാവർക്കും നന്ദി അറിയിക്കുന്നെന്നും വിനീത് പറഞ്ഞു. അൻവിതയുടെ മൂന്നാമത്തെ കീമോയ്ക്ക് 28ന് വീണ്ടും ബൈദരാബാദിലെ ആശുപത്രിയിലെത്തണം. 26ന് ഇതിനായി പുറപ്പെടണം. ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ വീണ്ടും സർക്കാർ സഹായം ആവശ്യമാകും. ആരോഗ്യവകുപ്പിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വിനീത് പറഞ്ഞു.