photo

ചേർത്തല:ജില്ലാ ജൈവകർഷക സമിതിയുടെ ആഭിമുഖ്യത്തിൽ നാടൻ പച്ചക്കറികളുടെ വിഷു വിപണിക്ക് കഞ്ഞിക്കുഴി ഏരിയയിൽ തുടക്കമായി. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ പച്ചക്കറി വിപണനം ഉദ്ഘാടനം ചെയ്തു. എസ്.രാധാകൃഷ്ണൻ ആദ്യ വില്പന നടത്തി.

ലോക്ക് ഡൗണിൽ പച്ചക്കറി വിപണനം സാദ്ധ്യമാകാതെ വന്ന കർഷകർക്കും വാങ്ങാൻ എത്തുന്നവർക്കും സഹായമാകുന്ന തരത്തിലാണ് വിഷു വിപണി ഒരുക്കിയിരിക്കുന്നത്. കണിയൊരുക്കുന്നതിനാവശ്യമായ കണിവെള്ളരിയും ചക്കയും മാങ്ങയും കണിക്കൊന്നയും വിപണിയിൽ ലഭിക്കും. കൃഷ്ണ വിഗ്രഹവും ആവശ്യക്കാർക്ക് ലഭ്യമാകുന്ന സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ഏരിയ സെക്രട്ടറി എസ്.രാധാകൃഷ്ണനും അഡ് കോസ് സെക്രട്ടറി അഡ്വ.എം.സന്തോഷ് കുമാറും പറഞ്ഞു.

ജില്ലയിൽ സഹകരണ പ്രസ്ഥാനങ്ങളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പാർട്ടിയുടെയും നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ വിഷു വിപണി ആരംഭിച്ചിട്ടുണ്ടെന്നും കർഷകർ നേരിട്ട് പച്ചക്കറികൾ ഓൺലൈനിലൂടെ വിൽക്കുന്ന സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും വിപണി ഉദ്ഘാടനം ചെയ്ത് ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു.ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്കിനു കീഴിലും തണ്ണീർമുക്കം പഞ്ചായത്തിന് കീഴിലും വിഷുവിപണി നടക്കുന്നുണ്ട്. അരീപ്പറമ്പിലും കർഷകരുടെ നാടൻ പച്ചക്കറികൾ വിൽക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ചടങ്ങിൽ അഡ്വ.പി.എസ്.ഷാജി,ബി.സലിം എന്നിവരും പങ്കെടുത്തു.