വിഷു വിളവ്

 വീടുകളിൽ ഇിന്ന് വിഷുദിനാഘോഷം


ആലപ്പുഴ: ലോക്ക് ഡൗൺ നിയന്ത്രങ്ങളൊക്കെ ഒരു ദിവസത്തേക്ക് ജനം തെല്ലൊന്നു മറന്നപ്പോൾ, വിഷുത്തലേന്ന് നിരത്തുകളിലും വ്യാപാര കേന്ദ്രങ്ങളിലും അനുഭവപ്പെട്ടത് വൻ തിരക്ക്.

വിഷുവിനായി വിഭവങ്ങൾ ശേഖരിക്കുന്ന തിരക്കിലായിരുന്നു ഇന്നലെ നാടും നഗരവും. പഴം പച്ചക്കറി കടകളിലും ബേക്കറികളിലും വലിയ തിരക്ക് അനുഭവപ്പെട്ടു.

പൊലീസ് ഇന്നലെ പലേടത്തും കാഴ്ചക്കാരെപ്പോലെ മന:പൂർവ്വം ഒതുങ്ങിക്കൊടുത്തു. വിഷുക്കണിയൊരുക്കാനുള്ള കാർഷിക വിളകളും കൊന്നപ്പൂവും അടങ്ങിയ കിറ്റിന് 250 മുതൽ 350 രൂപ വരെയാണ് പല കച്ചവടക്കാരും ഈടാക്കിയത്. വിഷുക്കാഴ്ചയും വിഷുക്കൈനീട്ടവുമാണ് പ്രധാനം. ഒപ്പം വിഷു വിളവിറക്കലിന്റെ ഉത്സവമാണ്. മീനച്ചൂടിൽ വരണ്ട് കിടക്കുന്ന ഭൂമിയിൽ വേനൽ മഴ എത്തുന്നതോടെ കർഷകർ വിളവിറക്കാൻ തയ്യാറെടുക്കുന്നു. വിഷുവെന്നാൽ തുല്യമായത് എന്നാണർത്ഥം. രാത്രിയും പകലും തുല്യമായ ദിനം. സൂര്യൻ ഭൂമദ്ധ്യരേഖയ്ക്ക് നേരെ മുകളിൽ വരുന്ന ദിവസം കൂടിയാണ് വിഷു. സൂര്യൻ മീനരാശിയിൽ നിന്നു മേടരാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് മേടമാസത്തിൽ വിഷുവായി ആഘോഷിക്കുന്നത്. എന്നാൽ പുതുവസ്ത്രങ്ങൾ വാങ്ങാൻ കഴിയാത്ത നിരാശയിലായിരുന്നു പലരും. ആലപ്പുഴ മുല്ലയ്ക്കൽ തെരുവ്, ജില്ലാക്കോടതിക്ക് എതിർവശം, പുന്നപ്ര, പറവൂർ, അമ്പലപ്പുഴ എന്നിവിടങ്ങളിലായിരുന്നു കണിയൊരുക്കാനുള്ള കിറ്റുകൾ വാങ്ങാൻ തിരക്ക് അനുഭവപ്പെട്ടത്.

 കണിയൊരുക്കം


കുടുംബത്തിലെ മുതിർന്ന സ്ത്രീകൾ ഓട്ടുരുളിയിൽ അരിയും നെല്ലും പാതി നിറച്ച്, അലക്കിയ മുണ്ടും പൊന്നും വാൽക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും വെറ്റിലയും പഴുത്ത അടയ്ക്കയും കണ്മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക, പഴം എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്.

 വിഷുക്കൈനീട്ടം


കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി നാണയങ്ങൾ ആയിരുന്നു നൽകിയിരുന്ന്. വർഷം മുഴുവനും സമ്പദ്സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്. വിഷു ദിനത്തിൽ ചക്ക വിഭവങ്ങൾക്കാണ് പ്രാധാന്യം. ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയവ ഉണ്ടായിരിക്കും. ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടൽ, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ ചേർക്കും. തേങ്ങ പീരയിട്ട പുന്നെല്ലിൻ കഞ്ഞിയാണ് പഴയകാലത്ത് കുടുംബത്തിലെ മുതിർന്നവരുടെ പ്രഭാത ഭക്ഷണം.

 കിറ്റ് വിതരണം

ലോക്ക്ഡൗണിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിഷുക്കൈനീട്ടമായി സിവിൽ സപ്ളൈസ് കോർപ്പറേഷൻ വിതരണം ചെയ്യുകയാണ്. 17 ഇനങ്ങൾ അടങ്ങിയതാണ് കിറ്റുകൾ. ജില്ലയിൽ ആദ്യഘട്ടത്തിൽ എ.എ.വൈ, ബി.പി.എൽ കാർഡ് ഉടമകൾക്കാണ് കിറ്റുകൾ നൽകിയത്.