മുതുകുളം : ലോക്ക് ഡൗൺ കാലത്ത് വിദ്യാർത്ഥികളുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിച്ച് മുതുകുളം കെ.വി.സംസ്‌കൃത ഹയർ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകർ. ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ ഉടൻതന്നെ അദ്ധ്യാപകരുമായി ബന്ധപ്പെടണമെന്ന് കുട്ടികളെ അറിയിച്ചു. ലോക്ക് ഡൗൺ കഴിഞ്ഞാൽ എത്രയും പെട്ടെന്നു തന്നെ പരീക്ഷകൾ നടത്തുന്നതിനെ കുറിച്ച് സർക്കാർ തീരുമാനമെടുക്കും എന്ന വസ്തുത വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്തി.

കുട്ടികൾ പഠനത്തിന്റെ ട്രാക്കിൽ നിന്ന് വ്യതിചലിക്കാതിരിക്കാൻ വീഡിയോ കോൺഫറൻസ് വഴി ഓൺലൈൻ റിവിഷൻ ക്ലാസുകൾ, പങ്കെടുത്താൽ ഉടൻ തന്നെ ഫലമറിയാൻ കഴിയുന്ന ഓൺലൈൻ ക്വിസുകൾ എന്നിവ അടുത്ത ദിവസം തുടങ്ങും. സ്‌ക്രീൻ ഷെയറിംഗിലൂടെ ഓൺലൈൻ ക്ലാസുകൾ എങ്ങനെ നടത്തും എന്ന മാതൃകയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി

പി.ടി.എ മീറ്റിംഗ്, കരിയർ ഗൈഡൻസ് ക്ലാസുകൾ, കൗൺസലിംഗ് ക്ലാസുകൾ മുതലായവയും ഓൺലൈൻ ആയി നടത്തും.

എല്ലാ ക്ലാസുകൾക്കും ഔദ്യോഗികമായി രൂപീകരിച്ച വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയുള്ള നിർദേശങ്ങൾ വഴിയാണ് വീഡിയോ കോൺഫറൻസ് സാധ്യമാക്കിയത്. ഓൺലൈൻ ക്ലാസുകൾക്കുള്ള നിർദേശങ്ങളും അതിലേക്കുള്ള ലിങ്കുകളും ഗ്രൂപ്പിലൂടെത്തന്നെ നൽകും. വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ തീരുമാനത്തെ വളരെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്.