തെരുവുനായ്ക്കളെ സൂക്ഷിക്കണമെന്ന് വിദഗ്ദ്ധർ
ആലപ്പുഴ: മനുഷ്യ സാമീപ്യം ഇഷ്ടപ്പെടുന്ന തെരുവു നായ്ക്കൾ തെരുവിൽ ഒറ്റപ്പെടുകയും ഭക്ഷണം യഥേഷ്ടം കിട്ടാത്ത സാഹചര്യമുണ്ടാവുകയും ചെയ്തതോടെ അക്രമകാരികളായെന്ന് വിദഗ്ദ്ധർ. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പല ഭാഗങ്ങളിലും നായ്ക്കൾക്ക് ഭക്ഷണമെത്തിക്കാൻ സന്നദ്ധ പ്രവർത്തകർ തയ്യാറാകുന്നുണ്ടെങ്കിലും തീരെ ഭക്ഷണം ലഭിക്കാത്തവയാണ് അക്രമാസക്തമാവുന്നത്.
ചാരുംമൂട്ടിൽ അഞ്ചു വയസുകാരിയുടെ ചുണ്ടുകൾ കടിച്ചെടുത്തതുൾപ്പടെ നിരവധി സംഭവങ്ങളാണ് ലോക്ക് ഡൗൺ കാലത്ത് റിപ്പോർട്ട് ചെയ്തത്. മനുഷ്യർക്ക് പുറമേ മറ്റ് മൃഗങ്ങളയും പക്ഷികളെയും നായ്ക്കൾ കടിച്ചുകീറുന്ന കേസുകളും നിത്യേന മൃഗാശുപത്രികളിലെത്തുന്നു. കൂട്ടത്തോടെയെത്തി അക്രമിക്കുന്ന ശൈലിയായതിനാൽ പലപ്പോഴും പ്രതിരോധം അസാദ്ധ്യമാണ്. എല്ലാ നായ്ക്കൾക്കും ഭക്ഷണം ഉറപ്പാക്കാൻ സാധിച്ചില്ലെങ്കിൽ ഇവ അക്രമസ്വഭാവം സ്ഥിരമായി പിന്തുടരാമെന്നും വെറ്ററിനറി ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. വീടുകളിൽ വളർത്തുന്ന ആട്, പശു, കോഴി, താറാവ് എന്നിവയെയും വ്യാപകമായി അക്രമിക്കുന്നുണ്ട്. തെരുവുനായയുടെ കടിയേറ്റ വളർത്തുമൃഗങ്ങളുമായി നിത്യേന മൃഗാശുപത്രികളിൽ ഉടമസ്ഥരെത്തുന്നുണ്ട്.
സ്വഭാവ മാറ്റം
ധാരാളം മനുഷ്യരെ കാണുന്ന സ്ഥാനത്ത് പൊടുന്നനെയുണ്ടായ ശൂന്യത നായ്ക്കളിലും സ്വഭാവമാറ്റം വരുത്തിയിട്ടുണ്ടാവാം. ഉപയോഗിച്ച് വലിച്ചെറിയുന്ന മനുഷ്യ ശൈലിയാണ് തെരുവുനായ്ക്കളുടെ നിലനില്പുതന്നെ! എന്നാൽ ഇപ്പോൾ മാലിന്യവുമില്ല, ആൾ സഞ്ചാരവുമില്ല. വിപുലമായി ഭക്ഷണം ലഭിച്ചിരുന്ന സ്ഥാനത്താണ് പല നായ്ക്കളും പട്ടിണിയിലായത്.
അല്പമെങ്കിലും ആഹാരം
അക്രമകാരികളായ നായ്ക്കളുടെ പെരുമാറ്റം മറ്റ് നായ്ക്കൾ പകർത്തുമെന്ന് ഡോക്ടർമാർ പറയുന്നു. വേട്ടയാണ് ഇവയുടെ അടിസ്ഥാന സ്വഭാവം. നാട്ടിൽ ആവശ്യത്തിന് ഇറച്ചി മാലിന്യം ഉൾപ്പടെ ലഭിച്ചിരുന്നതിനാൽ ഭൂരിഭാഗവും ശാന്തരായിരുന്നു. ചെറിയ തോതിലെങ്കിലും ഭക്ഷണം ലഭിച്ചാൽ ഇവർ അടങ്ങുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. വളരെ വേഗത്തിലാണ് ഇവർ കൂട്ടം കൂടുന്നതും അക്രമത്തിലേർപ്പെടുന്നതും. കഴിഞ്ഞ ദിവസം പാണാവള്ളി പ്രദേശത്ത് ഒരു ദിവസം അഞ്ച് പേരെയാണ് നായ്ക്കൾ കടിച്ചത്.
.......................................
ഇഷ്ടംപോലെ മാംസാവശിഷ്‌ടങ്ങൾ തിന്ന് ശീലമുള്ളവരാണ് തെരുവ് നായ്ക്കൾ. പെട്ടെന്ന് ഇത് കിട്ടാതെ വരുമ്പോഴാണ് അക്രമവാസന പെരുകുന്നത്. ഇവയ്ക്ക് ഭക്ഷണം ഉറപ്പുവരുത്തുക മാത്രമാണ് നിലവിൽ ഏക പോംവഴി
( ഡോ. എസ്.സന്തോഷ്, സീനിയർ വെറ്റിനറി സർജൻ)
...............................................................................................................................
വൈശാഖി സുഖം പ്രാപിക്കുന്നു
ചാരുംമൂട്: മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ തെരുവുനായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അഞ്ചു വയസുകാരി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ സുഖംപ്രാപിക്കുന്നു.
താമരക്കുളം തടത്തിൽ മോഹനവിലാസം മോഹനന്റെ മകൾ വൈശാഖിയെയാണ് കഴിഞ്ഞ ദിവസം തെരുവുനായ അക്രമിച്ചത്. കുട്ടിയുടെ ചുണ്ട് നായ കടിച്ചുപറിച്ചു. വലതു കണ്ണിനു തൊട്ടു താഴെയും പരിക്കേറ്റിട്ടുണ്ട്. നാല് പല്ലുകളും അടർന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച കുട്ടിയെ ഉടൻ തന്നെ എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.