ആലപ്പുഴ: വിഷു ദിനമായ ഇന്ന് എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിലെ മുഴുവൻ വീ‌ടുകളിലും പ്രാർത്ഥന നടത്തും. കുടുംബാംഗങ്ങൾ ചേർന്ന് രാവിലെ 7 മുതൽ 8 വരെ പ്രാർത്ഥനകൾ നടത്താനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി.

വിവിധ ശാഖകൾ, കുടുംബ യൂണിറ്റുകൾ, വനിതാസംഘം, യൂത്ത്മൂവ്മെന്റ്, എംപ്ലോയീസ് ഫോറം, വൈദിക സമിതി, കുമാരി സംഘം, ഗുരുദർശന പഠിതാക്കൾ എന്നിവരിലൂടെ നിർദ്ദേശങ്ങൾ മുഴുവൻ വീടുകളിലും എത്തിച്ചു. ഗുരുദേവചിത്രം പുഷ്പമാല്യങ്ങൾ കൊണ്ട് അലങ്കരിച്ച് അഞ്ചുതിരിയിട്ട നിലവിളക്ക് കൊളുത്തി സുഗന്ധ ദ്രവ്യങ്ങൾ പുകച്ച് കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുചേർന്ന് ഭക്തിപൂർവ്വം ഗുരുവന്ദനം, ഗുരുഷഡ്ഗം, ഗുരുസ്തവം, ദൈവദശകം, ഭ്രദകാളിയഷ്ടകം തുടങ്ങി അവരവർക്കറിയാവുന്ന പ്രാർത്ഥനകൾ ചൊല്ലണം. പ്രാർത്ഥനയിൽ മുഴുവൻ പേരും പങ്കെടുക്കണം. യൂണിയൻ പരിധിയിലെ മുഴുവൻ ഭവനങ്ങളിലും രാവിലെ 7ന് വിഷുദിന പ്രാർത്ഥന ആരംഭിക്കണമെന്ന് യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ അറിയിച്ചു.