photo

 തണ്ണീർമുക്കത്തിന് മന്ത്രി തിലോത്തമന്റെ ഈസ്റ്റർ,വിഷു സമ്മാനം

ചേർത്തല : സംസ്ഥാനത്ത് ആദ്യ ജനകീയ ഭക്ഷണശാല ഒരുക്കിയ തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ മന്ത്രി തിലോത്തമൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചു.തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞമാസം 24നാണ് ആരംഭിച്ച പാഥേയം ജനകീയ ഭക്ഷണശാല ആരംഭിച്ചത്. കൊവിഡ് കാലത്ത് ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടിയ പതിനായിരത്തിനുമേൽ ആളുകൾക്ക് ഭക്ഷണപ്പൊതി നൽകികൊണ്ടാണ് ചുരുങ്ങിയ സമയത്തിനുളളിൽ പഞ്ചായത്തിന്റെ വനിതാകൂട്ടായ്മ പ്രവർത്തനമികവ് കാട്ടിയത്.

തന്റെ മണ്ഡലത്തിൽ ആദ്യമായി തുടങ്ങിയ ഭക്ഷണശാലയിൽ എത്തിയ മന്ത്റി പി.തിലോത്തമൻ പാഥേയം പ്രവർത്തകരോടൊപ്പം ഭക്ഷണം കഴിച്ചശേഷം വിഷു, ഈസ്​റ്റർ സമ്മാനമായി ഭക്ഷണശാലയുടെ കെട്ടിടത്തിനായി ഫണ്ട് അനുവദിച്ചതായി അറിയിക്കുകയായിരുന്നു. ഇത് കൂടാതെ അനുബന്ധമായി വേണ്ടിവരുന്ന ആധുനിക ഉപകരണങ്ങൾ കൂടി നൽകുമെന്ന് മന്ത്റി അറിയിച്ചു. തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റേയും കുടുംബശ്രീ സി.ഡി.എസിന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തിവരുന്ന ഭക്ഷണശാലയിൽ ഭക്ഷണവും പ്രവർത്തനങ്ങളും ഇതിനകം ജനപ്രിയമായികഴിഞ്ഞു.ഗ്രാമപഞ്ചായത്തിലെ പദ്ധതി തുകയിൽ ഇതിനകം ഭക്ഷണശാലക്കായി പ്രത്യേകം ഫണ്ട് വകകൊളളിച്ചിട്ടുണ്ട്.പഞ്ചായത്ത് ഓഫീസിന് സമീപത്തോ,ബസ് സ്റ്റാൻഡിലോ പുതിയ കെട്ടിടം നിർമ്മിക്കാനാണ് പദ്ധതി.

പ്രവർത്തനമികവിനുളള അംഗീകാരമായി ലഭിച്ച മന്ത്റിയുടെ പ്രഖ്യാപനത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസും,സി.ഡി.എസ് പ്രസിഡന്റ് ശ്രീജ ഷിബുവും,സ്ഥിരം സമിതി അദ്ധ്യക്ഷ രമാമദനനും നന്ദി അറിയിച്ചു.