ഹരിപ്പാട് : ചിങ്ങോലി പഞ്ചായത്തിൽ വിതരണം ചെയ്യാൻ പോത്തുകളെ വാങ്ങാൻ പോയി ആന്ധ്രയിൽ കുടിങ്ങിയ സംഘത്തിന് അടിയന്തര സഹായം ഒരുക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പഞ്ചായത്തിന്റെ 2019-20 പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി പോത്തുകുട്ടികളെ വിതരണം ചെയ്യാൻ കരാറെടുത്ത ചിങ്ങോലി ശാലിനി ഭവനത്തിൽ ശാന്തപ്പനും മകൻ ശ്യാം കുമാറും, വിദ്യാ ഭവനിൽ വാമനൻ എന്നിവർ അടങ്ങുന്ന സംഘമാണ് ആന്ധ്രാ പ്രദേശിലെ ഗുഡുർപ്പേട്ട് ചെക്ക് പോസ്റ്റിൽ ലോക്ക് ഡൗണിനെത്തുടർന്ന് കുടുങ്ങിക്കിടക്കുന്നത്. പ്രതികൂല കാലാവസ്ഥയും കുടിവെള്ളം ക്ഷാമവും കാരണം 86 പോത്തുകുട്ടികളിൽ മൂന്ന് എണ്ണത്തിന് ജീവഹാനി സംഭവിച്ചു. ഇവരെ എത്രയും വേഗം നാട്ടിൽ എത്തിക്കാൻ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് കത്ത് നല്കിയിരുന്നു. ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ച സാഹചര്യത്തിൽ സംഘത്തിന്റെ സ്ഥിതി കൂടുതൽ മോശമാകും എന്ന് മനസിലാക്കിയതിനെ തുടർന്ന് ചെന്നിത്തല ആന്ധ്രയിലെ കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെടുകയും സംഘത്തിന് നാട്ടിലേക്ക് വരുന്നതുവരെയുള്ള എല്ലാ സൗകര്യവും ഒരുക്കുകയുമായിരുന്നു.