നിരത്തുകളിൽ ഇന്നലെ 'നിയന്ത്രണം' തെറ്റി
ആലപ്പുഴ: പൊതു ഇടങ്ങളിൽ അനുവാദമില്ലാത്തതിനാൽ വീട് കേന്ദ്രീകരിച്ചുള്ള വിഷു ആഘോഷത്തിലാണ് ഇന്ന് മലയാളികൾ. ഇങ്ങനെയൊരു 'വീർപ്പുമുട്ടൽ വിഷു' മലയാളിക്ക് ഇത് ആദ്യാനുഭവവും.
വിഷുത്തലേന്ന് പൊലീസ് അല്പം വിട്ടുവീഴ്ച ചെയ്തതിന്റെ പ്രതിഫലനം ഇന്നലെ നിരത്തിലും വ്യാപാര കേന്ദ്രങ്ങളിലും വ്യക്തമായിരുന്നു. പച്ചക്കറി കടകളിൽ രാവിലെ മുതൽ തിരക്കനുഭവപ്പെട്ടു. വിപണിയിൽ പടക്കങ്ങൾ വില്പനയ്ക്കില്ലെന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത. വിഷുവിന് മുമ്പുള്ള രണ്ട് ദിവസങ്ങളിൽ മൂന്ന് ലക്ഷം രൂപയുടെവരെ കച്ചവടം നടന്നിരുന്ന സ്ഥാനത്താണ് കടകളെല്ലാം അടഞ്ഞുകിടന്നത്. അനിശ്ചിതത്വം നിലനിന്നിരുന്നതിനാൽ പടക്ക കച്ചവടക്കാർ അധികം സാധനം സ്റ്റോക്ക് ചെയ്തിരുന്നില്ല. അതിനാൽ ഭീമമായ നഷ്ടം ഒഴിവായി. ഇനി അടുത്ത ദീപാവലി സീസൺ വരെ കാത്തിരിക്കണം.
പച്ചക്കറി കടകളിലെല്ലാം കണിവെള്ളരി ആവശ്യത്തിന് ലഭ്യമായിരുന്നു. സീസണായതോടെ കിലോയ്ക്ക് ഇരുപത് രൂപയുടെ വരെ വർദ്ധനവുണ്ടായി. ചേർത്തല, കഞ്ഞിക്കുഴി ഭാഗങ്ങളിൽ ജൈവകർഷകർ കണിവെള്ളരി വിലകുറച്ച് വില്പന നടത്തിയെങ്കിലും എത്തിച്ചേരാൻ മാർഗമില്ലാത്തത് തടസമായി. വിഷുത്തലേന്ന് വഴിയോരങ്ങളിൽ കാണാറുള്ള കണിക്കൊന്ന കച്ചവടക്കാരും കൃഷ്ണപ്രതിമ കച്ചവടക്കാരും ഇത്തവണ ലോക്കിലായി.
കണിക്കൊന്നകൾ നേരത്തെ വിരിഞ്ഞുകൊഴിഞ്ഞതിനാൽ പലേടത്തും കിട്ടാൻ പ്രയാസമായിരുന്നു. കുട്ടനാട്ടുകാർ ബോട്ട് വാടകയ്ക്കെടുത്ത് നഗരത്തിലെത്തി സാധനങ്ങൾ വാങ്ങി മടങ്ങി. ഇന്നലെ തുറന്നു പ്രവർത്തിച്ച ഫാൻ, മിക്സി, ഫ്രിഡ്ജ് കടകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.