ആലപ്പുഴ: ഓർക്കാപ്പുറത്ത് വീണുകിട്ടിയ അവധിക്കാലം, കലാപരമായ കഴിവുകളെല്ലാം പുറത്തെടുത്ത് ആഘോഷമാക്കിയിരിക്കുകയാണ് നങ്ങ്യാർകുളങ്ങര എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അച്യുത് ഷാജി. തന്റെ സൃഷ്ടികൾ വിറ്റു കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചുമിടുക്കൻ.
കളിക്കിടെ ഉണ്ടായ വീഴ്ചയെത്തുടർന്ന് കയ്യിലിട്ടിരുന്ന പ്ളാസ്റ്റർ ലോക്ക്ഡൗണിന് രണ്ട് ദിവസം മുമ്പാണ് മാറ്റിയത്. അവധിനാളുകൾ വീണ്ടുമെത്തിയതോടെ, കൈയിലെത്തിയ കുപ്പികളെല്ലാം ചായക്കൂട്ടുകൾ കൊണ്ട് മനോഹരമാക്കിയിരിക്കുകയാണ് അച്യുത്. ഇതിനാവശ്യമായ ക്‌ളേ ഒന്നും സ്റ്റോക്ക് ഉണ്ടായിരുന്നില്ല. മൈദ പോലെയുള്ള സാധനങ്ങളാണ് കൂടുതൽ ഉപയോഗിച്ചത്. പറമ്പിൽ നിന്നും അയൽ വീടുകളിൽ നിന്നും ശേഖരിച്ച കുപ്പികൾക്കു തങ്കമയിൽ, മുന്തിരിക്കുലകൾ തുടങ്ങിയ വർണ്ണ ചാർത്തുകൾ നൽകുന്ന തിരക്കിലാണ് അച്യുതും കുടുംബാംഗങ്ങളും.
പേപ്പർ ഉപയോഗിച്ചുള്ള പേന സ്റ്റാൻഡ്, പൂക്കുടകൾ ഉൾപ്പെടെയുള്ള അലങ്കാര വസ്തുക്കൾ എന്നിവയും ഉണ്ടാക്കുന്നുണ്ട്. എരിക്കാവ് പാണ്ഡ്യാലത്തറയിൽ പി.വി.ഷാജിയുടേയും നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജ് അദ്ധ്യാപിക ഡോ.എസ്.ഷീലയുടേയും മകനാണ്.