ആലപ്പുഴ: ലോക്ക്ഡൗൺ മൂലം ദുരിതത്തിലായ രോഗികൾക്കുള്ള ജീവൻരക്ഷാ മരുന്നുകൾ വീട്ടിലെത്തിച്ചു നൽകുന്ന മുസ്ലിം യൂത്ത്ലീഗിന്റെ വോളണ്ടിയർ വിഭാഗമായ വൈറ്റ്ഗാർഡിന്റെ മെഡിചെയിൻ പദ്ധതി നാടിന് മാതൃകയായി.

ആലപ്പുഴ, അരൂർ, മണ്ണഞ്ചേരി, അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, കായംകുളം, മാവേലിക്കര പ്രദേശങ്ങളിലേക്കുള്ള മരുന്നുകൾ ഇതര ജില്ലകളിൽ നിന്നു വൈറ്റ്ഗാർഡിന്റെ കൈകളിലൂടെ രോഗികളിലേക്ക് എത്തി. തിരുവനന്തപുരം ആർ.സി.സിയിൽ നിന്നു കണ്ണൂർ, കാസർകോഡ് ഭാഗങ്ങളിലേക്കുള്ള നിരവധി ജീവൻരക്ഷമരുന്നുകളുടെ പ്രയാണത്തിലും ജില്ലയിലെ വൈറ്റ്ഗാർഡ് അംഗങ്ങൾ ഭാഗമായി. ഇരുചക്രവാഹനങ്ങൾ മുതൽ ആംബുലൻസുകൾ വരെ ഉപയോഗപ്പെടുത്തിയാണ് ജില്ലയിലെ മെഡിചെയിൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ജില്ലയുടെ ഏത് ഭാഗത്തുള്ള രോഗിക്കും മരുന്നുകൾ എത്തിക്കാൻ വൈറ്റ്ഗാർഡ് സന്നദ്ധമാണെന്ന് ജില്ലാ യൂത്ത്ലീഗ് പ്രസിഡന്റ് എ.ഷാജഹാൻ, ജനറൽ സെക്രട്ടറി പി.ബിജു, വൈറ്റ് ഗാർഡ് ജില്ലാ ക്യാപ്റ്റൻ അമീൻ മനയശ്ശേരിൽ എന്നിവർ അറിയിച്ചു.