മാവേലിക്കര: വരേണിക്കൽ, ചെറുകുന്നം ആക്കപ്പള്ളി പാടശേഖരങ്ങളിലെ കർഷകർക്ക് ആഹ്ലാദം പകർന്ന് വിഷുത്തലേന്ന് കൊയ്ത്തിനായി യന്ത്രങ്ങളെത്തി. ആർ.രാജേഷ് എം.എൽ.എയുടെ ഇടപെടലിൽ ചെറിയനാട്ട് നിന്നാണ് കൊയ്ത്തു യന്ത്രങ്ങളെത്തിയത്. തിങ്കളാഴ്ച രാവിലെ 350 ഏക്കറിൽ കൊയ്ത്തുത്സവത്തിന് തുടക്കമായി.
നൂറ്റിയൻപത് കർഷകരുടെ സ്വപ്നമായ കതിരുകൾ കൊയ്തെടുക്കാൻ 15 ദിവസമെടുക്കുമെന്ന് വരേണിക്കൽ പാടശേഖര സമിതി സെക്രട്ടറി എസ് ആർ ശ്രീജിത്ത് പറഞ്ഞു. തെക്കേക്കര പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ നാലു മാസങ്ങൾക്ക് മുമ്പാണ് ഉമ ഇനത്തിലുള്ള നെൽവിത്തുകൾ വിതച്ചത്. കൊവിഡ്19 ന്റെ നിയന്ത്രണങ്ങൾ പാലിച്ചാണ് കൊയ്ത്തിന് തുടക്കമായത്. തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലാ ലക്ഷ്മണൻ, വൈസ് പ്രസിഡന്റ് ടി വിശ്വനാഥൻ, മാവേലിക്കര കൃഷി അസി.ഡയറക്ടർ സി.ആർ രശ്മി എന്നിവർ കൊയ്ത്തുത്സവത്തിന് എത്തി.