ചേർത്തല: ലോക്ക് ഡൗണിനെത്തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മാറുകയാണ് കെ.കെ.കുമാരൻ പാലിയേറ്റീവ് കെയർ. ഭക്ഷണവിതരണം, ആരോഗ്യ വണ്ടി എന്നിങ്ങനെ നീളുന്നു സേവനത്തിന്റെ വഴികൾ. സംഘടനയുടെ പ്രവർത്തനത്തിന് സഹായ ഹസ്തവുമായി ദിനംപ്രതി നൂറു കണക്കിന് പേരാണ് എത്തുന്നത്.
കക്കാ ഇറച്ചിയും ബീറ്റ്റൂട്ട് അച്ചാറുമായിരുന്നു വാട്ടിയവാഴയില പൊതിയിലെ ഇന്നലത്തെ വിഭവങ്ങൾ.വിവാഹ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കിയ ദമ്പതികളായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു-മധുസൂദനൻ എന്നിവരുടെ വകയായിരുന്നു ജനകീയ ഭക്ഷണശാലയിലെ ഭക്ഷണം.വളവനാട്
ലക്ഷ്മി നാരായണ ട്രസ്റ്റ് രക്ഷാധികാരി പ്രകാശ് സ്വാമി ഒരു വാഹനം നിറയെ വൈവിദ്ധ്യമാർന്ന പച്ചക്കറികളുമായാണ് കിച്ചണിലെത്തിയത്. ഫെഡറൽ ബാങ്ക് മാനേജരായ നടരാജൻ അരി നൽകി.കുറുപ്പം കുളങ്ങരയിലെ ഡി.വൈ.എഫ്.ഐ മേഖലാ കമ്മറ്റി വാഴയിലയും എക്കോ ഫ്രണ്ട് ലി കണ്ടയ്‌നറുമായാണ് എത്തിയത്.സുമേഷും അഭിരാമും ശരത്തുംചേർന്ന് ചെറുവാരണത്തെ സിലീഷിന്റെ വീട്ടിലെ കുറെ പച്ചമാങ്ങ പറിച്ച് എത്തിച്ചു.അരീപ്പറമ്പിലെ ബി.സലിമിന്റെ നേതൃത്വത്തിൽ പല വൃഞ്ജനങ്ങളും പച്ചക്കറികളും എത്തിച്ചു.കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബുവും ജനകീയ ഭക്ഷണശാലയിലെത്തി ദീർഘനേരം സൗഹൃദം പങ്കിട്ടു.
ആരോഗ്യ വണ്ടി പ്രയാണം തുടരുന്നു
ഡോ. മേഘ മധുവിന്റെ നേതൃത്വത്തിൽ നഴ്‌സുമാരായ അനിലയും അനുശ്രീയും ചേർന്ന് ' സാന്ത്വന സഹായവുമായി അതിജീവനം ആരോഗ്യ വണ്ടി വിവിധ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ആരോഗ്യ സുരക്ഷയൊരുക്കി.
വിവിധ മാർക്കറ്റുകളിലെ വ്യാപാര സ്ഥാപനങ്ങൾ സർക്കാർ ഓഫീസുകൾ സഹകരണ ബാങ്കുകുൾ കിടപ്പു രോഗികളുടെ വീടുകൾ എന്നിവിടങ്ങളിൽ എത്തി തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധന നടത്തി.
ഭക്ഷണശാലയുടെ പ്രവർത്തനം
ഓഫീസ് സ്റ്റാഫ് പ്രസന്നയുടെ നിയന്ത്രണത്തിലാണ് ഭക്ഷണശാല. ഭക്ഷണശാല തുറക്കുന്ന സമയം മുതൽ അവസാനയാൾ അടുക്കളയിൽ നിന്ന് മടങ്ങുന്നതുവരെ അവർ ഉണ്ടാകും. ഓരോ ദിവസവും കിട്ടുന്ന വിഭവങ്ങൾ രജിസ്റ്ററിൽ കൃത്യമായി എഴുതിവയ്ക്കും.ജില്ലാ പഞ്ചായത്ത് അംഗം
ജമീല പുരുഷോത്തമനും ജയശ്രീയുമാണ് ആദ്യം അടുക്കളയിലെത്തുന്നവർ. തൊട്ടുപുറകേ വനിതാ സെൽഫിക്കാർ എത്തും.സുരേഷിനാണ് ഭക്ഷണപ്പൊതി കൃത്യമായി കൈകളിലെത്തിക്കുന്നതിനുള്ള ചുമതല.
ചെയർമാൻ എസ്.രാധാകൃഷ്ണനും ട്രഷറർ അഡ്വ.സന്തോഷ്കുമാറും ഇതിന്റെ പൂർണ സമയ ചുമതലക്കാരായി ഒപ്പമുണ്ട്.