 വാറ്റ് 'തകർക്കാൻ" പൊലീസും എക്സൈസും

 ഒറ്റുകാരെ ഒതുക്കാനാവാതെ വാറ്റുകാർ

ആലപ്പുഴ: എക്സൈസുകാർ മരത്തിൽ കാണുമ്പോൾ അതേ സംഭവം മാനത്തു കാണുന്നവരാണ് വാറ്റുകാർ. ചരിത്രാതീത കാലം മുതലേ അവർ തമ്മിലുള്ള 'പൊക്കിൾക്കൊടി' ബന്ധം അങ്ങനെയാണ്. വാറ്റുകാരുടെ ഭാഗത്ത് എവിടെയെങ്കിലും ചെറിയ പാളിച്ച ഉണ്ടാവുമ്പോഴാണ് ചട്ടിയും കലവുമുൾപ്പെടെ എക്സൈസ് ഓഫീസിന്റെ മുന്നിലെത്തുന്നത്.

പലപ്പോഴും എക്സൈസിന്റെയോ പൊലീസിന്റെയോ ദീർഘദൃഷ്ടിയോ ഡ്രോണിന്റെ ചാരക്കണ്ണുകളുടെ തീവ്രതയോ കൊണ്ടല്ല, വാറ്റുകാർ അകത്താവുന്നത്. ഒറ്റുകാരാണ് വാറ്റുകാരുടെ യഥാർത്ഥ ശത്രുക്കൾ! നാട്ടിൻപുറങ്ങളിലൊക്കെ പ്രയോഗിക്കുന്നൊരു വാക്കുണ്ട്; കൊതിക്കെറുവ്. കൊതിച്ച സാധനം കിട്ടാതെ വരുമ്പോഴുള്ള ആ അസൂയയുണ്ടല്ലോ, അതുതന്നെ സംഗതി! വ്യാജ അബ്കാരികളെ കുടുക്കുന്നതൊക്കെ അയലത്തുകാരന്റെയോ കൂടെനിന്ന് വാറ്റിയവന്റെയോ ഒക്കെ ഈ കൊതിക്കെറുവാണ്.

വല്ലപ്പോഴും രണ്ടെണ്ണം അടിക്കുന്നവർ മുതൽ സ്ഥിരം കുടിയൻമാരും ഒഴിച്ചുകൊടുപ്പ് കച്ചവടക്കാരും ഉൾപ്പെടെയുള്ളവർ ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ ശപിച്ചത് കഴിഞ്ഞ മാർച്ച് 26നെ ആയിരിക്കും. തലയിൽ ഇടിത്തീ വീഴുന്നതിനേക്കാൾ മാരകമായിട്ടാണല്ലോ അന്ന് മദ്യശാലകൾക്ക് പൂട്ടുവീണത്. യാതൊരുവിധ 'മുൻകരുതൽ' നടപടിയും സ്വീകരിക്കാനായില്ല.

കാന്റീനിൽ പോകാൻ കഴിയാതിരുന്നതിനാൽ വിമുക്ത ഭടൻമാരും ബാരക്കിലായി. ഇതോടെയാണ് മുക്കിനും മൂലയിലും വരെ വാറ്റുകാർ സെറ്റായിത്തുടങ്ങിയത്. രാവിലെ നേരേചൊവ്വേ യൂണിഫോം ഇടുന്നതിനു മുമ്പുതന്നെ നിനച്ചിരിക്കാതെ വന്ന 'യുദ്ധപ്രഖ്യാപനം' ഉദ്യോഗസ്ഥരിലും അങ്കലാപ്പുണ്ടാക്കി. അന്നുതുടങ്ങിയതാണ് ഇരു വിഭാഗങ്ങൾ തമ്മിലുള്ള ഈ പൊരിഞ്ഞ പോരാട്ടം. ഇതിനിടെ നടന്ന രസകരമായ ചില സംഭവങ്ങൾ...

 വാ പോയ കോടാലികൾ

കാവുങ്കൽ ഭാഗത്താണ് സംഭവം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആ മൂന്നു സുഹൃത്തുക്കൾ വാറ്റുതുടങ്ങി. ഒരാളിന്റെ വീടിനോടു ചേർന്നുള്ള പറമ്പാണ് ലൊക്കേഷൻ. ഏഴാം ദിവസം കോട റെഡിയായി. അന്നു രാത്രിയിൽത്തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ വാറ്റുതുടങ്ങി. ചൂടു സാധനം അമൃത് പോലെ മൂവരും ചേർന്ന് സേവിച്ചുകൊണ്ട് തുടക്കം. പിറ്റേന്നുമുതൽ കച്ചവടവും തുടങ്ങി. മൂന്നാം ദിവസം ഇതിൽ രണ്ടു സുഹൃത്തുക്കൾ തെറ്റില്ലാത്ത വിധം ഫിറ്റായി അടുത്തുള്ളൊരു ജംഗ്ഷനിലെത്തി. അവിടെവച്ച് ഒന്നും രണ്ടും പറഞ്ഞ് വഴക്കായി. ഇനി നിനക്കൊരു തുള്ളി സാധനം അവന്റെ കയ്യിൽ നിന്ന് (മൂന്നാമന്റെ) കിട്ടില്ലെന്ന് ഒരാളുടെ വെല്ലുവിളി. അങ്ങനെയെങ്കിൽ അവന്റെ കച്ചവടം ഒന്നു കാണണമെന്ന് രണ്ടാമൻ. എന്തിനേറെപ്പറയുന്നു, ഇതെല്ലാം കേട്ടുകൊണ്ട് ഒരു എക്സൈസുകാരൻ മഫ്തിയിൽ ആ പ്രദേശത്തുണ്ടായിരുന്നു. ഇടഞ്ഞു നിന്ന രണ്ടാമനെ അനുനയത്തിൽ വിളിച്ച് കാര്യങ്ങൾ ചോദിച്ചു. തത്ത പറയും പോലെയുള്ള വിവരണം. ഒരു മണിക്കൂറിനുള്ളിൽ മൂന്നു പേരും പിടിയിൽ; റിമാൻഡഡ്!

 അറിഞ്ഞില്ല, പുള്ളി പറഞ്ഞതുമില്ല

ഹരിപ്പാട് ഭാഗത്താണ് സംഭവം. ഗൾഫിൽ നിന്നു തിരികെവന്ന് വലിയൊരു വീടും വീടിനോടു ചേർന്ന് ചെറിയൊരു കടയുമൊക്കെ വച്ച് വിശ്രമജീവിതം നയിക്കുമ്പോഴാണ് ഹാൻസ് കച്ചവടത്തിലെ കൊള്ളലാഭം ആരോ ചെവിയിലോതിയത്. ഇതോടെ കടയിലെ പ്രധാന ഇനമായി മാറി ഹാൻസ്. ചെറുപ്പക്കാർ ഒളിഞ്ഞും തെളിഞ്ഞും കടയിലെത്തി സാധനം വാങ്ങിക്കൊണ്ടിരുന്നു. ഒന്നു രണ്ടുതവണ എക്സൈസുകാർ വന്നപ്പോഴൊന്നും ഹാൻസ് കിട്ടിയില്ല. മൂന്നാം തവണ വാശിയോടെ എത്തിയ ഉദ്യോഗസ്ഥർ വീട് പരിശോധിക്കണമാന്ന് നിർബന്ധം പിടിച്ചു. അകത്തുകയറി മുറികളിലെല്ലാം പരതിയെങ്കിലും ഒന്നും കിട്ടിയില്ല. അടുക്കള ഭാഗത്തെത്തിയപ്പോൾ ഒരു എക്സൈസുദ്യോഗസ്ഥന് 'പരിചിത'മായ ആ മണം അനുഭവപ്പെട്ടു; കോടയുടെ മണം. അകത്തുകയറി പരിശോധിച്ചപ്പോൾ, ദാ ഇരിക്കുന്നു ഒരു കലം നിറയെ കോട! പ്രവാസിയെ എക്സൈസുകാർ കൊണ്ടുപോയെന്ന വിവരം പുറത്തുവന്നപ്പോഴാണ് നാട്ടുകാർ പോലും അറിയുന്നത്, ആളൊരു 'വാറ്റുകലാകാരൻ' കൂടിയാണെന്ന വാസ്തവം!

 വേറെങ്ങും ഇടിക്കാൻ കണ്ടില്ല!

കലവൂർ ഭാഗത്തു മൂന്നു പേർ കുടുങ്ങിയത് ഇങ്ങനെ. മദ്യം നിരോധിച്ചതോടെ വാറ്റു തുടങ്ങാൻ തീരുമാനിച്ചു. മൂവരും ചേർന്ന് കാറിൽ ചേർത്തല ഭാഗത്തുള്ള അബ്കാരി സുഹൃത്തിൽ നിന്ന് വാറ്റ് സെറ്റ് വാടകയ്ക്കു വാങ്ങി. ബിവറേജസിൽ നിന്നു നേരത്തെ വാങ്ങിയ മദ്യം കാറിൽ സ്റ്റോക്കുണ്ടായിരുന്നു. വാറ്റ് സെറ്റ് കിട്ടിയ സന്തോഷത്തിൽ മൂവരും ചേർന്ന് നന്നായി കുടിച്ചു. തിരികെ വരുന്ന വഴിയാണ് മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ മരണമുണ്ടായ വിവരം അറിഞ്ഞത്. വണ്ടി 'ആട്ടോമാറ്റിക്കാ'യി അങ്ങോട്ടു കുതിച്ചു. കൊവിഡ് കാരണം അവിടത്തെ തിരക്ക് നിയന്ത്രിക്കാനും മറ്റുമായി പൊലീസുകാർ ഉണ്ടെന്ന വിവരം അറിയാതെയുള്ള പോക്ക്. ഒരു വളവ് തിരിയുന്നിടത്താണ് വീട്. ആ വളവിനുതന്നെ പൊലീസ് ജീപ്പ് ഉണ്ടാവുമെന്ന വിവരം ആരറിയുന്നു? വളഞ്ഞു തിരിഞ്ഞുചെന്ന് പൊലീസ് ജീപ്പിന്റെ പിന്നിലൊറ്റിടി! ശബ്ദം കേട്ട് പൊലീസുകാർ ഓടിയെത്തിയപ്പോൾ വണ്ടി ഓടിച്ച ആളിനുൾപ്പെടെ ലവലേശം ലെവലില്ല. വണ്ടിയിൽ മദ്യത്തിന്റെ 'സാന്നിദ്ധ്യം' കണ്ടെത്താൻ പരിശോധന തുടങ്ങിയപ്പോഴാണ് ഡിക്കിയിൽ തലയുയർത്തി ഇരിക്കുന്ന വാറ്റ് സെറ്റ് കാണുന്നത്. കാറും സെറ്റും മൂന്നുപേരും പൊലീസ് സ്റ്റേഷനിൽ. തൊണ്ടിയായി വാറ്റ് ഇല്ലാതിരുന്നതിനാൽ ആ ഇനത്തിലുള്ള കേസെടുത്തില്ല.

 കരയിച്ചു, അബ്കാരി അമ്മൂമ്മ

തെക്കൻ മേഖലയിലെ ഒരപ്പൂപ്പനും അമ്മൂമ്മയുമാണ് കഥാപാത്രങ്ങൾ. ഇവരുടെ കൊച്ചുവീട്ടിൽ ചാരായക്കച്ചവടം ഉണ്ടെന്ന് ഏതോ ഒരു 'മനുഷ്യസ്നേഹി' എക്സൈസുകാരെ അറിയിച്ചു. ഒരു സന്ധ്യാനേരത്ത് മഫ്തിയിൽ രണ്ടുപേർ വീട്ടിലെത്തി. ഉമ്മറത്തിരിപ്പുണ്ട് 90 വയസുള്ള അമ്മൂമ്മ. തൊട്ടടുത്ത് പണിക്കുവന്ന ആളുകളാണെന്നും ഒരു കുപ്പി വാറ്റ് കിട്ടാൻ മാർഗമുണ്ടോയെന്നും ചോദ്യം. 'എനിക്കൊന്നുമറിയില്ലേ, രാമനാരായണ' എന്നായിരുന്നു അമ്മൂമ്മയുടെ നിലപാട്. വീണ്ടുംവീണ്ടും ചോദിച്ചപ്പോൾ അകത്തേക്കു പോയ അമ്മൂമ്മ ദേ വരുന്നു, ഒരു കുപ്പി സ്വയമ്പൻ സാധനവുമായി! ഒന്നു കൂടി വേണമെന്നായി എക്സൈസുകാർ. 'അങ്ങോട്ടിത്തിരി മാറി നിൽക്ക് പിള്ളേരേ' എന്നു പറഞ്ഞ് അമ്മൂമ്മ വീണ്ടും അകത്തേക്ക്. പിന്നാലെ മഫ്തി സംഘവും വീട്ടിൽ കയറി. അടുക്കളയിൽ നോക്കിയപ്പോൾ അവിടെ 'ലൈവ്' വാറ്റ് നടക്കുന്നു. വാറ്റുന്നത് അമ്മൂമ്മയുടെ ഭർത്താവ്, 95 വയസെങ്കിലും കാണും! എക്സൈസുകാരാണെന്നു പറഞ്ഞപ്പോൾ രണ്ടുപേരും നിന്നു വിറയ്ക്കാൻ തുടങ്ങി. മക്കളില്ലാത്തവരാണെന്നും ഈ വയസാംകാലത്ത് കുഴമ്പു വാങ്ങാനുള്ള കാശുപോലും കയ്യിൽ ഇല്ലാത്തതുകൊണ്ടാണ് ഇതൊന്നു പരീക്ഷിച്ചതെന്നും തൊഴുകൈയോടെയുള്ള ഏറ്റുപറച്ചിൽ. അബ്കാരി അമ്മൂമ്മ കരയാനും തുടങ്ങി. 'സെന്റി'യടിച്ച് വശംകെട്ട എക്സൈസുകാർ കൈയിൽകിട്ടിയ കുപ്പി തിരികെക്കൊടുത്തിട്ട് ഒരുപദേശവും, ആർക്കെങ്കിലും കൊടുത്ത് കാശു വാങ്ങിക്കോ, ഇനി ആവർത്തിക്കരുത്...

 'വെളിച്ച'മാണ് എക്സൈസുകാർ

കുട്ടനാട്ടിലെ ഒരു വീട്ടിൽ ചാരായം സൂക്ഷിച്ച് വില്പന നടത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് രാത്രിയിൽ എക്സൈസുകാരെത്തി. വീട് അരിച്ചുപെറുക്കിയിട്ടും ഒന്നും കിട്ടിയില്ല. തിരികെ ഇറങ്ങാൻ നേരം കട്ടിലിൽ കിടന്ന തലയിണ ഒന്നു മാറ്റി നോക്കിയ എക്സൈസുകാരന് വല്ലാത്തൊരു ഭാരം തോന്നി. പരിശോധിച്ചപ്പോൾ തലയിണയ്ക്കകത്ത് കുപ്പികളങ്ങനെ അടുക്കി വച്ചിരിക്കുന്നു. അതുവരെ ബലംപിടിച്ചു നിന്ന വീട്ടുകാരൻ മോങ്ങാൻ തുടങ്ങി. ഒരു കമ്പിക്കഷ്ണം കയ്യിലെടുത്ത മേപ്പടിയാൻ അത് ദേഹത്തു കുത്തിയിറക്കി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പുലിവാലു പിടിച്ച എക്സൈസകാർ ഒരുവിധം അനുനയിപ്പിച്ച് ജീപ്പിലേക്കു കയറ്റാൻ കൊണ്ടുപോകവേ തൊട്ടുമുന്നിലെ തോട്ടിലേക്ക് വീട്ടുകാരൻ ഒരൊറ്റച്ചാട്ടം. രാത്രിയാണ്. അന്തം വിട്ട എക്സൈസുകാർ ടോർച്ചടിച്ചു. ഒടുവിൽ ഇൻസ്പെക്ടർ സർവ്വശക്തിയുമെടുത്ത് അലറിപ്പറഞ്ഞതോടെയാണ് ആ രാത്രിക്ക് ശുഭാന്ത്യമായത്, പറഞ്ഞതെന്തെന്നോ; എടാ മുങ്ങിച്ചത്ത് ഞങ്ങടെ പണി കളയല്ലേ, നിനക്കെതിരെ ഒരു കേസും എടുക്കില്ല, ടോർച്ചടിച്ചുതരാം, നീ എങ്ങനേലും അക്കരെ നീന്തിക്കയറി രക്ഷപ്പെട്ടോടാ...!

 പൊട്ടുന്ന പടക്കമായിരുന്നു

കായംകുളത്തിന് തെക്കുഭാഗം. നാട്ടിലെ അറിയപ്പെടുന്ന അബ്കാരിയും സുഹൃത്തുക്കളുമാണ് കഥാപാത്രങ്ങൾ. പലതവണ എക്സൈസ് ഓഫീസുകൾ കയറിയിറങ്ങിയിട്ടുണ്ട് ഇതിലെ പ്രമുഖൻ. ലോക്ക് ഡൗൺ കണക്കിലെടുത്ത് വർദ്ധിത വീര്യത്തോടെ സംഘം രംഗത്തിറങ്ങി. ആളൊഴിഞ്ഞ പറമ്പിൽ സന്നാഹങ്ങളൊരുക്കി. മുന്നൂറോളം ലിറ്റർ കോട കലക്കിയിട്ടു. ആരുമറിയാതെയുള്ള നീക്കം അന്തിമ ഘട്ടത്തിലേക്ക്. കുറേയേറെ പടക്കങ്ങൾ സംഘം സ്റ്റോക്ക് ചെയ്തിരുന്നു. വാറ്റ് നടക്കുന്ന രാത്രിയിൽ എക്സൈസോ പൊലീസോ എത്തിയാൽ കത്തിച്ചെറിഞ്ഞ് ചെറിയൊരു ഭീതിപരത്തി രക്ഷപ്പെടാൻ ബുദ്ധിപരമായി കരുതിയതാണ്. വാറ്റ് തുടങ്ങാൻ രണ്ടുദിവസം മാത്രം ശേഷിക്കെ, തൊട്ടടുത്ത പാടത്ത് കൊറ്റിക്കൂട്ടം ഇരിക്കുന്നതു കണ്ടപ്പോൾ കൂട്ടത്തിലൊരുവന് അവ ഒന്നിച്ചു പറക്കുന്നതു കാണാനൊരു കൊതി. കുറച്ചു പടക്കങ്ങളെടുത്ത് ചറപറാന്നങ്ങ് പൊട്ടിച്ചു! കൊറ്റിക്കൂട്ടം ഭംഗിയായി പറന്നു, അതിനേക്കാൾ ഭംഗിയായി വാറ്റു വിവരം എക്സൈസിന്റെ ചെവിയിലേക്കും പറന്നു. അന്നത്തെ രാത്രിയിൽത്തന്നെ വാറ്റുകേന്ദ്രം ഠമാർ... പടാർ...