യാത്രാബോട്ടുകളും ബസുകളും വിശദചികിത്സയിൽ
ആലപ്പുഴ: പൊതുഗതാഗതം നിലച്ചതോടെ 'സുഖചികിത്സ'യിലാണ് കെ.എസ്.ആർ.ടി.സി ബസുകളും ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും. ഇരു വിഭാഗം സ്റ്റേഷനുകളിലും ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയോഗിച്ചാണ് അവധിക്കാല പരിപാലനം സാദ്ധ്യമാക്കിയിരിക്കുന്നത്. ബാറ്ററി മുതൽ യന്ത്രത്തകരാർ വരെ വിശദമായി പരിശോധിക്കാനും പ്രശ്നം പരിഹരിക്കാനും ആവശ്യത്തിന് സമയം ലഭിക്കുന്നുവെന്നതാണ് പ്രത്യേകത. ജലഗതാഗത വകുപ്പിന്റെ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ചുരുങ്ങിയത് അഞ്ച് പേരടങ്ങിയ എമർജൻസി ക്രൂവാണ് ബോട്ടുകൾ പ്രവർത്തിക്കുന്നത്. നിത്യേന മൂന്ന് ഡ‌്രൈവർമാരെങ്കിലും ഡിപ്പോകളിലെത്തി ബസുകൾ സ്റ്റാർട്ട് ചെയ്യുന്നുണ്ടെന്ന് കെ.എസ്.ആർ.ടി.സിയും ഉറപ്പ് വരുത്തുന്നു.
എമർജൻസി ക്രൂ
ജലഗതാഗത വകുപ്പിന് കീഴിലെ സ്റ്റേഷനുകളിൽ നിത്യേന 5 ജീവനക്കാർ ഡ്യൂട്ടിയിലുണ്ട്. എല്ലാ ബോട്ടുകളും രാവിലെ നിശ്ചിത സമയം സ്റ്റാർട്ട് ചെയ്തിടുക എന്നതാണ് ആദ്യ ജോലി. യന്ത്രത്തകരാറുകൾ പരിശോധിക്കും. തകരാറുള്ളവ ഡോക്ക് യാർഡിലെത്തിച്ച് അറ്റകുറ്റപ്പണികൾ നടത്തും. ജല ആംബുലൻസ് 24 മണിക്കൂറും സേവനത്തിലുണ്ട്. അത്യാവശ്യ ഘട്ടത്തിൽ പകരം വേണ്ടിവന്നാൽ സർവീസ് നടത്താനായി സ്റ്റേഷനുകളിലെ ബോട്ടും സർവ്വസജ്ജമാണ്. റിപ്പയ൪ പണികൾക്ക് നേതൃത്വം നൽകുന്നത് ആലപ്പുഴയിലെ പോഞ്ഞിക്കരയിൽ സ്ഥിതിചെയ്യുന്ന ഡോക്ക് ആൻഡ് റിപ്പയ൪ വിഭാഗമാണ്. സംസ്ഥാനത്ത് 14 സ്റ്റേഷനുകളാണ് വകുപ്പിന് കീഴിലുള്ളത്.
ദിവസവും പരിശോധന
കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മൂന്ന് ഡ്രൈവർമാർ ദിവസവുമെത്തി ബസുകൾ സാറ്റാർട്ട് ചെയ്തിടും. ബാറ്ററി ഫുൾ ചാർജിലാക്കും. ഓയിലും, വെള്ളവും പരിശോധിക്കും. മൂന്ന് ദിവസത്തിലൊരിക്കലാണ് മെക്കാനിക്കുകളുടെ പരിശോധന. സംസ്ഥാനത്ത് 4704 ബസുകൾ ദിവസേന സർവീസ് നടത്തിയിരുന്നു.
കണ്ണീർപോലെ തെളിമ
യാത്രാ ബോട്ടുകളും ഹൗസ് ബോട്ടുകളും സർവീസ് നിറുത്തിവച്ചതോടെ കായൽ ജലം തെളിനീര് പോലെയായി. ബോട്ടുകളിൽ നിന്നുള്ള ഡീസലും മാലിന്യങ്ങളും മൂലം കാലങ്ങളായി കറുത്തു കിടന്ന കായൽ ജലമാണ് മൂന്നാഴ്ചകൊണ്ട് തെളിഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന കായൽ ജലം ഹൗസ് ബോട്ട് യാത്രകൾ വർദ്ധിച്ചതോടെയാണ് ഉപയോഗശൂന്യമായത്.
മാസ്കുമായി കെ.എസ്.ആർ.ടി.സി
ലോക്ക് ഡൗണിന് ശേഷം ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാർക്ക് ഉപയോഗിക്കാനുള്ള മാസ്കുകൾ സ്വയം തയ്യാറാക്കുകയാണ് കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോയിൽ അപ്പ്ഹോൾസറി വിഭാഗം ജീവനക്കാർക്കാണ് തയ്യൽ ചുമതല. മാസ്ക് തയ്യാറാക്കാനുള്ള തുണിയും തയ്യൽ മെഷീനും അധികൃതർ നൽകിയിട്ടുണ്ട്. തൽക്കാലം ആലപ്പുഴ ഡിപ്പോയിലെ മാത്രം ജീവനക്കാർക്കുള്ള മാസ്ക്കുകളാണ് തയാറാക്കുന്നത്.
.................................
സർവീസ് ആരംഭിക്കുമ്പോൾ ബോട്ടുകൾ മികച്ച നിലയിലായിരിക്കണമെന്ന് നിർബന്ധമുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മികച്ച സമയമാണിത്. ജീവനക്കാർ സഹകരിക്കുന്നുണ്ട്
(ഷാജി ബി. നായർ, ജലഗതാഗത വകുപ്പ് ഡയറക്ടർ)
.....................................
ബസുകൾ ദിവസവും പരിശോധിച്ച് പ്രവർത്തന മികവ് ഉറപ്പുവരുത്തുന്നുണ്ട്. യൂണിയനുകൾ ഇക്കാര്യത്തിൽ നല്ല സഹകരണമാണ് നൽകുന്നത്
(രഞ്ജിത്ത്, കൺട്രോളിംഗ് ഇൻസ്പെക്ടർ)