കുട്ടനാട്: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ, പൂനെ ഐഡിയ - ഗീവ് ഇന്ത്യ ഓർഗനൈസേഷനുകളുടെ നേതൃത്വത്തിൽ കുട്ടമംഗലം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ 48 വിദ്യാർത്ഥിനികളുടെ ദിവസ വേതനക്കാരായ രക്ഷിതാക്കൾക്ക് 2000 രൂപ വീതം സഹായമായി നൽകി .അദ്ധ്യാപകർ പാസ് ബുക്ക് വിവരങ്ങൾ ശേഖരിച്ച് വാട്സ് ആപ്പിലൂടെ നൽകിയതിനെത്തുടർന്ന് ഫൗണ്ടേഷൻ അധികൃതർ അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയുമായിരുന്നു . 2018 ലെ പ്രളയത്തെ തുടർന്നാണ് ഐഡിയ ഫൗണ്ടേഷൻ സഹായഹസ്തവുമായി സ്കൂളിൽ എത്തിയത് .സ്കൂൾ മാനേജർ കെ എ പ്രമോദ് , പ്രഥമാദ്ധ്യാപകൻ രഞ്ജിത് ഗോപി,പി റ്റി എ പ്രസിഡന്റ് ആർ റിഷോർ എന്നിവർ ഫൗണ്ടേഷൻ അംഗം ഉഷ പിള്ള , കെ കൃഷ്ണകുമാർ എന്നിവരുമായി നടത്തിയ ആശയവിനിമയത്തിന്റെ ഫലമായി 2019 - 20 അദ്ധ്യയന വർഷം എച്ച് എസ് വിഭാഗത്തിലെ 51 വിദ്യാർത്ഥിനികൾക്ക് പഠനോപകരണങ്ങൾ , സ്പോക്കൺ ഇംഗ്ലീഷ് , കംപ്യൂട്ടർ ക്ലാസുകൾ , കോ-കരിക്കുലർ ആക്ടിവിറ്റീസ് എന്നിവയ്ക്ക് 3000 രൂപ വീതം അനുവദിച്ചിരുന്നു.