ആലപ്പുഴ : ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ശേഷം വീട്ടിൽ പോകാൻ മാർഗമില്ലാതെ വലഞ്ഞ ഗർഭിണിയായ വീട്ടമ്മയ്ക്കും ഒപ്പമുണ്ടായിരുന്നവർക്കും യാത്രാ സൗകര്യമൊരുക്കി എം.എസ്.എസ് പ്രവർത്തകർ. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരമണിയോടെയാണ് അടൂർ സ്വദേശിനിയായ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. യുവതിയുടെ അമ്മയും ഭർത്താവിന്റെ അമ്മയുമാണ് കൂടെയുണ്ടായിരുന്നത്. അടൂരിലേക്ക് പോകാനായി വാഹന സൗകര്യമില്ലാതെ ഇവർ വൈകിട്ട് നാലര വരെ ആശുപത്രിക്ക് മുന്നിൽ നിന്നു. വാഹനം വിളിക്കാനുള്ള പണവും ഇവരുടെ കൈയിലുണ്ടായില്ല. വിവരം അറിഞ്ഞെത്തിയ നവാസ് പല്ലന, യാസർ മാവുങ്കൽ, അസീം സിനാജ് എന്നിവരടങ്ങുന്ന എം.എസ്.എസ് പ്രവർത്തകർ തങ്ങളുടെ ചിലവിൽ അടൂരിലക്കുള്ള വാഹന സൗകര്യം ഏർപ്പെടുത്തി കൊടുത്തതോടെയാണ് ഇവർക്ക് വീട്ടിലേക്ക് പോകാനായത്.