വാറ്റ് കേന്ദ്രം കണ്ടെത്തിയത് ഡ്രോൺ നിരീക്ഷണം
ആലപ്പുഴ: വീടിനു സമീപം വാറ്റ് നടക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്ന് ഡ്രോൺ ഉപയോഗിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ ബി.എം.എസ് നേതാവടക്കം മൂന്നു പേർ പിടിയിൽ. ബി.എം.എസ് മുൻ ജില്ലാ പ്രസിഡന്റ് ബീച്ച് വാർഡ് തൈപ്പറമ്പിൽ കാർത്തികേയൻ (52), സക്കറിയാബസാർ ശ്രീജാലയത്തിൽ ശശികുമാർ (50), അരയൻപറമ്പിൽ ലഞ്ജു (32) എന്നിവരെയാണ് അഞ്ചുലിറ്റർ ചാരായവും കോടയും വാറ്റപകരണങ്ങളുമായി സൗത്ത് സി.ഐ എം.കെ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മൂന്ന് പ്രതികളും കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി ശർക്കര വാങ്ങുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. നിരീക്ഷണത്തിലായിരുന്ന ഇവർ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശശികുമാറിന്റെ വീട്ടുപരിസരത്ത് വാറ്റ് തുടങ്ങിയവിവരം പൊലീസ് ഡ്രോൺ ഉപയോഗിച്ച് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം വീടുവളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു.
പ്രിൻസിപ്പൽ എസ്.ഐ രതീഷ് ഗോപി, പ്രൊബേഷനറി എസ്.ഐ സുനേഖ് ജയിംസ്, എ.എസ്.ഐ മോഹൻകുമാർ, സി.പി.ഒമാരായ അബീഷ് ഇബ്രാഹിം, സിദ്ദിഖ്, ബിനു, അരുൺകുമാർ, റോബിൻസൺ, പ്രദീപ്, പ്രവീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. റിമാൻഡിലായ മൂവരെയും ആലപ്പുഴ സബ് ജയിലിൽ ക്വാറന്റൈൻ സംവിധാനമില്ലാത്തതിനാൽ ആലുവ സബ് ജയിലിലേക്കു മാറ്റി. സൗത്ത് പൊലീസിന്റെ ഓപ്പറേഷൻ ഡാർക്ക് ഡെവിളിന്റെ ഭാഗമായി ഇതുവരെ 53 പേരെയാണ് പിടികൂടിയത്.