ambala

അമ്പലപ്പുഴ: ലോക്ക് ഡൗൺ നീട്ടിയെന്ന വാർത്ത വന്നതോടെ, അമ്പലപ്പുഴ കാക്കാഴം റയിൽവേ മേൽപ്പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് താമസിച്ചിരുന്ന നൂറോളം അന്യസംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി വിഷുദിനം ഉച്ചയ്ക്ക് ദേശീയപാതയിലിറങ്ങി പ്രതിഷേധിച്ചു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് അമ്പലപ്പുഴ പൊലീസ് എത്തി അഞ്ചു ബീഹാറികളെ അറസ്റ്റ് ചെയ്തതോടെയാണ് രംഗം ശാന്തമായത്. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.

ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് ഇവർ പൊലീസിനോടു പറഞ്ഞ പ്രധാന പരാതി. തുടക്കത്തിൽ പൊലീസിനു നേരെ തട്ടിക്കയറിയ സംഘം പൊലീസ് സ്വരം കടുപ്പിച്ചതോടെ പിൻവാങ്ങുകയായിരുന്നു. തുടർന്നാണ് അഞ്ചുപേര അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

കരാറുകാരും ഇവർ താമസിക്കുന്ന വീടിന്റെ ഉടമകളുമാണ് കുത്തിത്തിരിപ്പിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ജോലി ഇല്ലാതായതോടെ തൊഴിലാളികൾ ഇവർക്ക് ബാദ്ധ്യതയായിരിക്കുകയാണ്. ആളൊന്നിന് 1000-2000 രൂപവരെയാണ് വീട്ടുടമകൾ വാടക ഈടാക്കിയിരുന്നത്. ഒരു മുറിയിൽ പത്തുപേരെങ്കിലും താമസിക്കുന്നുണ്ടാവും. തൊഴിലാളികൾക്ക് ജോലിയും ശമ്പളവും ഇല്ലാത്തതിനാൽ വീട്ടുടമകൾ കരാറുകാരെയാണ് ശല്യപ്പെടുത്തുന്നത്. ഇതോടെ ഇവരെ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പ്രതിഷേധങ്ങളെന്ന് പൊലീസ് പറയുന്നു.