ജില്ലയിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും
അദ്ധ്യാപകരും കടുത്ത പ്രതിസന്ധിയിൽ
ആലപ്പുഴ: പണ്ടേ ദുർബല; പിന്നെ ഗർഭിണി എന്ന അവസ്ഥയിലാണ് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർ. സാധാരണ ഏപ്രിൽ, മെയ് മാസങ്ങൾ വറുതിക്കാലമാണിവർക്ക്. എന്നാൽ ഇക്കുറി കൊവിഡ് ഭീഷണി ഇവരെ മാർച്ച് മുതലേ ഇവർക്ക് ദുരിതകാലം സമ്മാനിച്ചു.
സാധാരണ മാർച്ചിലെ ഫൈനൽ പരീക്ഷയോടനുബന്ധിച്ചാണ് ആ അദ്ധ്യയന വർഷത്തെ കുടിശികയുൾപ്പടെ ഫീസ് ലഭിക്കുന്നത്. ഇത്തവണ മാർച്ചിൽ രണ്ട് പരീക്ഷ കഴിഞ്ഞതോടെ നിയന്ത്രണം വന്ന് ട്യൂട്ടോറിയൽ കോളേജുകൾ അടച്ചു. ഇതോടെ വിദ്യാർത്ഥികൾ സ്ഥാപനങ്ങളിൽ എത്താതായി. കുടിശിക ഫീസ് ലഭിക്കാതെ വന്നതോടെ അദ്ധ്യാപകർക്ക് ശമ്പളം നൽകാനാകാത്ത സ്ഥിതിയായി. ഇത് അദ്ധ്യാപകർക്ക് ഇരുട്ടടിയായി.
ജില്ലയിൽ ഈ മേഖലയിൽ പണിയെടുക്കുന്ന 15000ത്തിൽ അധികം അദ്ധ്യാപകർ ദുരിതത്തിലാവും. ചെറുതും വലുതമായി 1000 ത്തോളം സമാന്തര വിദ്യാലയങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നു.
ജൂൺ മാസംവരെ വിദ്യാലയങ്ങൾക്ക് നിയന്ത്രണം തുടരുമെന്നതിനാൽ ഇനിയും സാധാരണ നില കൈവരാൻ സമയമെടുക്കുന്ന അവസ്ഥയാണ്.
എൽ.പി. വിഭാഗം മുതൽ 10-ാംക്ളാസ് വരെ ട്യൂഷൻ നൽകുന്ന സെന്ററിൽ കുറഞ്ഞത് 13അദ്ധ്യാപകരും രണ്ട് അനദ്ധ്യാപകരും ഉണ്ടാകും. പ്ളസ് ടു, ഡിഗ്രി വരെയുള്ള സ്ഥാപനങ്ങളിൽ ജീവനക്കാരുടെ ഏകദേശം 25 എണ്ണം വരും. കുട്ടികളുടെ എണ്ണം കൂടുന്നതനുസരിച്ച് ജില്ലയിൽ 100ൽ അധികം ജീവനക്കാർ വരെയുള്ള സമാന്തര വിദ്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ട്.
#പ്രധാന വരുമാനം
ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള തൊഴിൽ രഹിതരായ യുവതീ-യുവാക്കളാണ് ട്യൂട്ടോറിയലുകളിൽ പഠിപ്പിക്കുന്നത്. ഒന്നരമാസത്തിൽ എട്ട് ക്ളാസായിരിക്കും ഒരു അദ്ധ്യാപകന് ഒരു സ്ഥാപനത്തിൽ ലഭിക്കുക. ഇത്രയും ക്ളാസ് എടുക്കുന്നതിന് പരമാവധി കിട്ടുക 5000രൂപയും. ഒന്നിലധികം സ്ഥാപനങ്ങളിൽ മിക്ക അദ്ധ്യാപകരം ക്ളാസ് എടുക്കുന്നു.
ക്ഷേമനിധിയില്ല, ആനുകൂല്യവും
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാ വിഭാഗം തൊഴിലാളികൾക്കും 1000രൂപ വീതം സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ ഒരു ക്ഷേമനിധി ബോർഡിന്റെയും പരിധിയിലില്ലാത്തവരായതിനാൽ ഈ ആനൂകൂല്യം ലഭിക്കില്ല. ക്ഷേമനിധിയുടെ പരിധിയിൽപ്പെടാത്തതിന്റെ സാങ്കേതിക കാരണം കാണിച്ച് പഞ്ചായത്തുകളിൽ അപേക്ഷ സമർപ്പിക്കാൻ അവസരം ഉണ്ട്. എന്നാൽ ട്യൂട്ടോറിയൽ അദ്ധ്യാപകർക്ക് ഇതിനുള്ള അവസരം സർക്കാർ നൽകിയിട്ടുമില്ല. ഇവർക്ക് മറ്റ് ജോലിക്കുപോകാനും കഴിയാത്ത അവസ്ഥയാണ്.
കുടിശിക ഭീമമായ തുക
ഓരോ സ്ഥാപനങ്ങൾക്കും പിരിഞ്ഞുകിട്ടാനുള്ളത് പതിനായിരക്കണക്കിന് രൂപയാണ്. മാർച്ച് ആദ്യവാരത്തിൽ തന്നെ സർക്കാർ നിയന്ത്രണം വന്നതോടെ കുടിശികയുൾപ്പടെ ഇത് കിട്ടാത്ത അവസ്ഥയുണ്ടായി. വിദ്യാർത്ഥികൾ മുൻമാസങ്ങളിലേത് ഉൾപ്പെടെയുള്ള കുടിശിക ഇനത്തിൽ വൻ തുകയാണ് സ്ഥാപനങ്ങൾക്ക് ലഭിക്കാനുള്ളത്. വലിയ ട്യൂട്ടോറിയലുകളിലെ അദ്ധ്യാപകർക്ക് മാനേജ്മെന്റ് സ്വന്തം അക്കൗണ്ടുകളിൽ നിന്ന് നാമമാത്രമായി തുകകൾ മാർച്ച് മാസത്തെ ശമ്പള ഇനത്തിൽ നൽകിയപ്പോൾ ചെറുകിട സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് ഒന്നും കിട്ടാത്ത അവസ്ഥയുമുണ്ട്.
....................
സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം ലഭ്യമാക്കാൻ പ്രാദേശിക ഭരണകൂടം സ്ഥാപനത്തിന്റെ പ്രധാന അദ്ധ്യാപകനിൽ നിന്നോ ഉടമയിൽ നിന്നോ അദ്ധ്യാപകരുടെ പട്ടിക സഹിതം സത്യവാങ്മൂലം എഴുതി വാങ്ങി സഹായം നൽകണം. ആനുകൂല്യം കിട്ടുന്നതിനായി മുഖ്യമന്ത്രിക്ക് പരാതിനൽകി.
ട്യൂട്ടോറിയൽ കോ ഓഡിനേഷൻ സമിതി അധികൃതർ
...........
1000
ചെറുതും വലുതുമായി 1000 ത്തോളം സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്
15000
ജില്ലയിൽ ഈ മേഖലയിൽ പണിയെടുക്കുന്നത് 15000ൽ അധികം അദ്ധ്യാപകർ
...................