ആലപ്പുഴ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ഉഴമസ്ഥതയിലുള്ള പീലിംഗ് ഷെഡിലേക്ക് ആന്ധ്രയിൽ നിന്ന് കൊണ്ടു വന്ന ചെമ്മീൻ നാട്ടുകാർ ഇടപെട്ട് പൊലീസിനെയും ആരോഗ്യ വകുപ്പിനെയും ഏല്പിച്ചു. ഇന്നലെ രാവിലെ 10മണിയോടെ പുറക്കാട് പഞ്ചായത്ത് 11-ാം വാർഡിൽ തോട്ടപ്പള്ളി സ്പിൽവേ പാലത്തിന് പടിഞ്ഞാറെക്കരയിലുള്ള ഷെഡിലാണ് ചെമ്മീനുമായുള്ള വാഹനം എത്തിയത്. 15ബോക്സ് ചെമ്മീൻ ഇറക്കിയപ്പോൾ പ്രദേശവാസികൾ പ്രതിഷേധവുമായി എത്തി. വിവരം ആരോഗ്യ വകുപ്പിനെയും അമ്പലപ്പുഴ പൊലീസിലും അറിയിച്ചു. തോട്ടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് മെഡിക്കൽ ഓഫീസറുടെ നേതൃതത്തിലുള്ള സംഘം എത്തിയപ്പോൾ ചെമ്മീനുമായി വന്ന വാഹനം മറ്റൊരു ഷെഡിലേക്ക് പോയിരുന്നു. ചെമ്മീനിന്റെ മുകളിൽ ഇട്ടിരുന്ന ഐസ് മാറ്റിയ ശേഷം ഷെഡിൽ മുൻ കൂട്ടി ശേഖരിച്ച ഐസ് പകരം വിതറി. തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഫുഡ് ഇൻസ്പെക്ടർ എത്തിയാണ് ചെമ്മീൻ ഷെഡിൽ നിന്ന് മാറ്റിയത്. എന്നാൽ, മാനദണ്ഡങ്ങൾ പാലിച്ചാണ് ചെമ്മീൻ കൊണ്ടുവന്നതെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.