ഹരിപ്പാട്: ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷു ദർശനത്തിന്റെ ഭാഗമായി ഭക്തർക്ക് നൽകേണ്ടിയിരുന്ന വിഷുക്കൈനീട്ടം ഇക്കുറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി . അനുഷ്ഠാനം ഏവൂർ ശങ്കരരാമയ്യർ സ്മാരക ക്ഷേത്രകലാ പുനരുദ്ധാരണ സമിതിയുടെ അഭിമുഖ്യത്തിലാണ് കൈനീട്ടം നൽകി വന്നിരുന്നത്. എല്ലാ വിഷുവിനും വെളുപ്പിനെ ഒരുമണി മുതൽ പതിനായിരങ്ങളാണ് വിഷുകൈനീട്ടം വാങ്ങുന്നത്. ഇത്തവണ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ വിഷു അനുബന്ധമായ ചടങ്ങുകൾക്ക് മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളു. ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. സമിതി സെക്രട്ടറി എച്ച്..ചന്ദ്രസേനൻനായർ 30, 001 രൂപയുടെ ചെക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലിന് കൈമാറി. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മണിവിശ്വനാഥ്, പത്തിയൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലീലാഗോകുൽ, അഡ്വ.കെ.എച്ച്. ബാബുജാൻ, അനുഷ്ഠാനം ഖജാൻജി പി.വിശ്വനാഥൻ, വൈസ് പ്രസിഡന്റ്‌ അഡ്വ.ഷിമുരാജ് , സോമൻ നായർ, ഏവൂർ ദേവസ്വം സബ് ഗ്രൂപ്പ്‌ ഓഫീസർ സുനിൽകുമാർ എന്നിവർ പങ്കെടുത്തു.