ഹരിപ്പാട്: ആപത്തു കാലത്തെ ജനകീയ ഇടപെടലിന്റെ പുതിയ മാതൃകയാവുകയാണ് ഹരിപ്പാട് സി.ബി.സി. വാര്യർ ഫൗണ്ടേഷൻ. ലോക്ക് ഡൗൺ പ്രഖ്യാപനത്തെത്തുടർന്ന് ഫൗണ്ടേഷൻ നേതൃത്വത്തിൽ കഴിഞ്ഞ മാർച്ച് 27ന് ആരംഭിച്ച ജനകീയ ആടുക്കള അഗതികളും ആലംബഹീനരുമുൾപ്പെടെയുള്ള പതിനായിരങ്ങൾക്കാണ് ആശ്വാസകേന്ദ്രമായത്.

കിടപ്പു രോഗികൾ, വീട്ടിൽ ഭക്ഷണം തയ്യാറാക്കാൻ കഴിയാത്തവർ, നിരീക്ഷണത്തിൽ കഴിയുന്നവർ, അന്യസംസ്ഥാന തൊഴിലാളികൾ, ലോറി ഡ്രൈവർമാർ തുടങ്ങി പ്രതിദിനം 1500ലേറെ പേർക്ക് ഭക്ഷണപ്പൊതികൾ നൽകുന്നുണ്ട്. ഇതുവരെ എല്ലാ ദിവസവും 250 പേർക്ക് പ്രഭാത ഭക്ഷണവും അത്താഴപ്പൊതികളും വിതരണം ചെയ്തു. ആവശ്യമായ അരിയും പലചരക്ക് സാധനങ്ങളും പച്ചക്കറിയും നാളികേരവും വാഴയിലയും വിറകും പഴയ പത്രക്കടലാസുകളും പൊതുജനങ്ങൾ എത്തിച്ചുനൽകുകയായിരുന്നു. 250 സന്നദ്ധ പ്രവർത്തകരാണ് ആരോഗ്യവിഭാഗത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ജനകീയ അടുക്കളയിൽ സൗജന്യ സേവനം നടത്തുന്നത്.

ജനകീയ അടുക്കളയുമായി സഹകരിച്ച എല്ലാവർക്കും ഫൗണ്ടേഷൻ ചെയർമാൻ എം.സത്യപാലൻ, സെക്രട്ടറി ജി. രവീന്ദ്രൻ പിള്ള എന്നിവർ നന്ദി അറിയിച്ചു. സഹായം ആവശ്യമുള്ളവർക്ക് വോളണ്ടിയർമാരുടെ സേവനം തുടർന്നും ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.