ആലപ്പുഴ: കൊവിഡിനെത്തുടർന്ന് മുടങ്ങിയ മരുന്നുമായി പ്രിയശിഷ്യൻ പൊലീസ് വേഷത്തിൽ ഉമ്മറത്തെത്തിയപ്പോൾ, അദ്ധ്യാപിക ഹംസകുമാരിക്ക് ആദ്യം ആളെ പിടികിട്ടിയില്ല. ശിഷ്യൻ സ്വയം പരിചയപ്പെടുത്തിയപ്പോഴാണ് മുൻ കായികാദ്ധ്യാപികയായ ഹംസകുമാരിയുടെ ഓർമ്മകൾ ട്രാക്കിലായത്.
ആലപ്പുഴ നോർത്ത് സ്റ്റേഷനിലെ ജനമൈത്രി പൊലീസിന്റെ കൂടി ചുമതലയുള്ള എസ്.ഐ ടോൾസൺ പി.ജോസഫാണ് ഏറെ നാളിനു ശേഷം തന്റെ അദ്ധ്യാപികയ്ക്കു മുന്നിൽ വലിയൊരു 'ദൗത്യ'വുമായി പ്രത്യക്ഷപ്പെട്ടത്, അതും 28 വർഷത്തിനു ശേഷം. മുംബയിലെ ഒരു കമ്പനിയിൽ നിന്ന് ഹംസകുമാരി കൊറിയർ വഴിയാണ് വർഷങ്ങളായി മരുന്ന് വാങ്ങിയിരുന്നത്. കൊവിഡും ലോക്ക്ഡൗണും മൂലം മരുന്നു മുടങ്ങി. ഇതോടെ സംസ്ഥാന പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. കളക്ടറുമായി ബന്ധപ്പെട്ട് മരുന്ന് എത്തിക്കാനുള്ള ക്രമീകരണങ്ങൾ പൊലീസ് ഒരുക്കി. ഈ മരുന്ന് പതിവായി കേരളത്തിൽ എത്തിച്ചിരുന്ന ഒരു ഏജന്റിനെ
നോർത്ത് സി.ഐ ജയരാജ് ബന്ധപ്പെടുകയും മരുന്ന് വാങ്ങുകയുമായിരുന്നു. മരുന്നുമായി വിഷുദിനം രാവിലെ ടോൾസണും പി.ജോസഫ് വീട്ടിലെത്തിയപ്പോൾ ഹംസകുമാരിക്ക് അതൊരു വിഷുക്കൈനീട്ടം കൂടിയായി. കാട്ടൂർ ഹോളിഫാമിലി ഹൈസ്കൂൾ അദ്ധ്യാപിക ആയിരിക്കെയാണ് ടോൾസൺ ഹംസകുമാരിയുടെ ശിഷ്യനായിരുന്നത്.