അമ്പലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുറക്കാട് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് വിഷുദിനത്തിൽ പായസമുൾപ്പടെയുള്ള ഭക്ഷണത്തിനു വേണ്ടി പുറക്കാട്‌ എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിന്റെ വകയായി നൽകിയ അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി തുടങ്ങിയവ നിരസിച്ചവർക്കെതിരെ നടപടി വേണമെന്ന് എസ്.എൻ.ഡി.പി യഓഗം പുറക്കാട് ശാഖ ഭാരവാഹികൾ ആവശ്യപ്പെട്ടു.

കമ്മൂണിറ്റി കിച്ചണിൽ വിഷുദിന സദ്യ നൽകുന്നതിൽ നിന്നും പുറക്കാട് എസ്.എൻ.എം സ്കൂളിനെ ഒഴിവാക്കിയത് സ്കൂൾ മാനേജ്മെൻ്റിനെ അറിയിക്കാതെ, വിഷുദിന സദ്യ സെക്രട്ടറിയുടെയും, അസി.സെക്രട്ടറിയുടേയും വകയാണെന്ന് സമൂഹമാധ്യമങ്ങളിൽക്കൂടി പഞ്ചായത്ത് പ്രസിഡന്റ് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ശാഖ ഭാരവാഹികൾ ആരോപിച്ചു. സാമൂഹ്യ അടുക്കള സ്വന്തം അടുക്കളയാക്കി മാറ്റുന്ന പഞ്ചായത്ത് പ്രസിഡന്റിനെതിരേയും, സർക്കാർ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി കൃത്യവിലോപം കാട്ടിയ പഞ്ചായത്ത് അസി.സെക്രട്ടറിക്കെതിരേയും നടപടി സ്വീകരിക്കണമെന്നും, സാമൂഹ്യ അടുക്കളയുടെ പ്രവർത്തനം അന്വേഷണ വിധേയമാക്കണമെന്നും എസ്.എൻ.ഡി.പി യോഗം പുറക്കാട് ശാഖ പ്രസിഡൻ്റ് എം.ടി. മധു ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.