ചേർത്തല:ലോക്ക് ഡൗൺ കാലം വായനയുടെ പൂക്കാലമാക്കുക എന്ന സന്ദേശവുമായി പ്രദേശത്തെ വീടുകളിൽ വെട്ടയ്ക്കൽ ശ്രീചിത്രോദയ വായനശാല പുസ്തകങ്ങൾ എത്തിച്ച് നൽകുന്നു. ഫോൺ വിളിച്ച് പറയുന്നത് പ്രകാരം വായനശാല വൈസ് പ്രസിഡന്റ് കെ.ബി.റഫീക്കും കമ്മിറ്റിയംഗം എൻ.എൻ.നിധീഷും നേതൃത്വം നൽകുന്ന കമ്മിറ്റി പുസ്തകങ്ങൾ വായനക്കാർക്ക് എത്തിച്ച് നൽകും. വായിക്കുന്ന പുസ്തകങ്ങളുടെ ആസ്വാദനകുറിപ്പ് തയ്യാറാക്കുന്ന മത്സരവും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. ബാലവേദി,വനിതാവേദി,യുവത,കരിയർ ഗൈഡൻസ് സെന്റർ തുടങ്ങിയവ വായനശാലയുടെ കീഴിൽ പ്രവർത്തിക്കുന്നു.കെ.ഡി. ജസ്മലാൽ (പ്രസിഡന്റ്),വി.എം. നിഷാദ് (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.