ആലപ്പുഴ: ലോക്ക് ഡൗൺ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിറ്റി കിച്ചണുകളിലൂടെയുള്ള ഭക്ഷണ വിതരണം വലിയ ആശ്വാസമാകുന്നു.

72 പഞ്ചായത്തുകളിലും ആറ് നഗരസഭകളിലുമായി 101 കമ്മ്യൂണിറ്റി കിച്ചണുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രതിദിനം 2500 ഓളം പേർക്ക് ഭക്ഷണം നൽകുന്ന ആലപ്പുഴയാണ് നഗരസഭകളിൽ ജില്ലയിൽ ഒന്നാമത്. പഞ്ചായത്തുകളിൽ ആയിരത്തോളം പേർക്ക് പ്രതിദിനം ഭക്ഷണവിതരണം നടത്തുന്ന കിച്ചണുകളുമുണ്ട്. 72 പഞ്ചായത്തുകളിലായി ആകെ 2,45,042 പേർക്കാണ് ലോക്ക് ഡൗണിന്റെ ആദ്യ കാലയളവിൽ ഭക്ഷണം വിതരണം ചെയ്തതത്. നഗരസഭകളിലൂടെ 70,000ത്തോളം പേർക്ക് ഭക്ഷണം നൽകി. രണ്ട് ലക്ഷത്തോളം പേർക്ക് സൗജന്യമായാണ് ഭക്ഷണം നൽകിയത്. ജനപ്രതിനിധികളുടെ ഇടപെടലിലൂടെയാണ്, ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടുള്ളവരെ കണ്ടെത്തി ഭക്ഷണം എത്തിച്ചു കൊടുക്കുന്നത്. ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ കളക്ടർ ഇടപെട്ട് പരിഹരിച്ചിരുന്നു.

നൂറിൽ താഴെ പേർക്കു മാത്രം ഭക്ഷണം കൊടുത്ത പഞ്ചായത്തുകൾ മുപ്പതോളമുണ്ട്. കുട്ടനാട്ടിലെ പഞ്ചായത്തുകളാണ് ഇതിൽ കൂടുതൽ. അരൂരിലെ എട്ട് പഞ്ചായത്തുകളിൽ കൂടുതൽ ദിവസവും നൂറിൽ താഴെ ആളുകൾക്കാണ് ഭക്ഷണം നൽകിയത്. ഹരിപ്പാട് മേഖലയിൽ നാലും മാവേലിക്കരയിൽ മൂന്നും ചേർത്തലയിലും കായംകുളത്തും രണ്ടു വീതവും പഞ്ചായത്തുകൾ ഈ ലിസ്റ്റിലുണ്ട്. മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്,കഞ്ഞിക്കുഴി, തണ്ണീർമുക്കം, അരൂക്കുറ്റി,അരൂർ, പുന്നപ്ര തെക്ക്, പുന്നപ്ര സൗത്ത്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, ആറാട്ടുപുഴ പഞ്ചായത്തുകളാണ് പ്രതിദിനം കൂടുതൽ പേർക്ക് ഭക്ഷണം നൽകുന്നവയിൽ മുന്നിലുള്ളത്.