ചേർത്തല: സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വിശപ്പുരഹിത ചേർത്തല പദ്ധതിക്ക് സ്‌പോൺസർഷിപ്പ് തുക കൈമാറി.എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറിയും സൊസൈറ്റി ബോർഡ് അംഗവുമായ വി.എൻ.ബാബു സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസറിന് മൂന്നുമാസത്തെ സ്‌പോൺസർഷിപ്പ് തുകയാണ് മുൻകൂറായി കൈമാറിയത്.വിശപ്പുരഹിത പദ്ധതിയിൽ എല്ലാമാസവും ഒരു ദിവസത്ത സ്‌പോൺസർഷിപ്പ് തുക വി.എൻ.ബാബുവിന്റെ വകയാണ്.സേവന രംഗത്ത് റോട്ടറി ഉൾപ്പെടെയുള്ള വിവിധ സംഘടനകളിലായി നിരവധി പേർക്കാണ് വി.എൻ.ബാബു സഹായം എത്തിക്കുന്നത്.
കൊവിഡ് 19ന്റെ ഭാഗമായി ചേർത്തല താലൂക്ക് ആശുപത്രിയിലും നഗരസഭയുടെ വിവിധ പ്രദേശങ്ങളിലും നിലവിൽ വിതരണം ചെയ്യുന്നതിന് പുറമേ 180 ഓളം പൊതിച്ചോറുകളാണ് അധികമായി നൽകി വരുന്നത്. വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി ചേർത്തല നഗരസഭയിലും ചേർത്തലയുടെ കിഴക്കൻ പ്രദേശങ്ങളിലെ 5 പഞ്ചായത്തുകളിലുമായി മുന്നൂറോളം കിടപ്പുരോഗികളുടെ വീട്ടിൽ എല്ലാ ദിവസവും പൊതിച്ചോറുകൾ എത്തിക്കുന്നുണ്ട്.2018 ജനുവരി 10ന് ആരംഭിച്ച ഭക്ഷണ വിതരണം 27 മാസമായി ഒരു ദിവസം പോലും മുടങ്ങാതെയാണ് നടത്തി വരുന്നത്.കെ.രാജപ്പൻനായർ പ്രസിഡന്റും,പി.എം.പ്രവീൺ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.