ചേർത്തല: മായിത്തറ വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് ഇക്കുറിയും വളവനാട് ലക്ഷ്മി നാരായണ ക്ഷേത്രം വക വിഷുക്കൈനീട്ടവും ഭക്ഷണവും. ക്ഷേത്രം കാര്യദർശി പ്രകാശൻ സ്വാമി 13 വർഷമായി നടത്തുന്ന ചടങ്ങിന് ഇത്തവണയും മുടക്കം വന്നില്ല.
വിഷു സദ്യ കെ.കെ.കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സൗജന്യ ജനകീയ ഭക്ഷണശാല വഴിയാണ് നൽകിയത്. വനസ്വർഗ്ഗത്തെ ലാവിഷ് ഹോട്ടലുടമ ജിജി ചന്ദ്രൻ നൽകിയ പായസവും വിഷു സദ്യയ്ക്ക് മികവേകി. എസ്. രാധാകൃഷ്ണൻ, പ്രകാശ് സ്വാമി, ടി.വി.ബൈജു, ഡോ.മേഘ മധു എന്നിവർ സദ്യ വിളമ്പി. പാലിയേറ്റീവ് സൊസൈറ്റിയുടെ ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ എല്ലാവരെയും തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധന നടത്തി. 13 വർഷമായി ഇവിടെ വിഷുക്കൈനീട്ടവും സദ്യയും ഓണക്കോടിയും ഓണസദ്യയും വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിന്റെ വകയാണ്. ക്ഷേത്രം അടഞ്ഞു കിടക്കുന്നതിനാലാണ് വിഷു സദ്യ പാലിയേറ്റീവ് സൊസൈറ്റിയുടെ സഹായത്താൽ ഒരുക്കിയത്.