ആലപ്പുഴ: ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് പ്രവർത്തിച്ച വഴിയോര കച്ചവട കേന്ദ്രങ്ങളും അനാവശ്യങ്ങളായി നിരത്തിലിറങ്ങിയ വാഹനങ്ങളും നിയന്ത്രിക്കാൻ രണ്ടാം ദിനത്തിലും പരിശോധന ശക്തമാക്കി. ആർ.ഡി.ഒ എസ്.സന്തോഷ് കുമാറിന്റെ നേൃത്വത്തിൽ റവന്യൂ,നഗരസഭാ,പൊലീസ്, മോട്ടോർ വാഹന വകുപ്പ്, നഗരസഭയിലെ ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.
നഗരത്തിലെ നിരത്ത് കൈയ്യേറി കച്ചവടം നടത്തിയ സ്ഥാപനളിൽ നിന്ന് പഴകിയതും ഉപയോഗ ശൂന്യവുമായ പിഴുപുളി, പച്ചക്കറി, ഏത്തപ്പഴം, മറ്റ് പഴവർഗങ്ങൾ, എലി കടിച്ച നിലയിൽ എട്ട് കിലോ കൊപ്ര, മത്സ്യം എന്നിവ പരിശോധനയിൽ പിടിച്ചെടുത്ത് നശിപ്പിച്ചു. അനധികൃതമായി പ്രവർത്തിച്ച 40 വഴിയോര കടകൾ അടപ്പിച്ചു. പഴം പച്ചക്കറി വില്പന കേന്ദ്രങ്ങളിൽ നിന്ന് 32 ത്രാസുകൾ പിടിച്ചെടുത്തു.
ഇന്നലെ രാവിലെ ജില്ലാ കോടതി പാലത്തിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ച പരിശോധന കല്ലുപാലം, കൊട്ടാരപാലം, ജനറൽ ആശുപത്രി ജംഗ്ഷൻ, വഴിച്ചേരി മാർക്കറ്റ്, വെള്ളക്കിണർ, കളക്ടറേറ്റ്, വലിയകുളം, പുലയൻവഴി,വെള്ളകിണർ ജംഗ്ഷൻ വഴി ഇരുമ്പുപാലം, മുല്ലക്കൽ, വൈഎം.സി.എ, ജില്ലകോടതി, തലവടി, ചാത്താട് എന്നിവിടങ്ങൾ വരെ തുടർന്നു. കൊമ്മാടി മുതൽ ജില്ലാ കോടതി ഭാഗം വരെ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. അടുത്ത ദിവസം ജനറൽ ആശുപത്രി മുതൽ കളർകോട് വരെയുള്ള ഭാഗങ്ങളിൽ പരിശോധന നടത്തും.
അമ്പലപ്പുഴ തഹസീൽദാർ കെ.ആർ.മനോജ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ബി.ജിനേഷ്, എ.വരുൺകുമാർ, പൊലീസ്,നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
" റോഡ് കൈയേറി കടകളുടെ ഇറക്ക് സ്ഥാപിച്ചത് ഉടമകൾ സ്വയം നീക്കിയില്ലെങ്കിൽ അടുത്തദിവസം നീക്കം ചെയ്യും. ലോക്ക്ഡൗൺ ലംഘനത്തിനെതിരെ സർക്കാർ നിർദേശാനുസരണം പരിശോധന തുടരും'.
എസ്.സന്തോഷ് കുമാർ, ആർ.ഡി.ഒ, ആലപ്പുഴ