ആലപ്പുഴ : ലോക്ക് ഡൗൺ കാലത്ത്, ഒറ്റയ്ക്കാണെന്ന തോന്നലിനുള്ളിലേക്ക് ഒതുങ്ങിക്കൂടുകയല്ലായിരുന്നു കെ.എസ്.ആർ.ടി.സി കണ്ടക്ടറായ സുനിൽ. വിശന്നെത്തുന്ന തെരുവു നായ്ക്കൾക്കും പ്രാവുകൾക്കും അന്നം നൽകുന്ന ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തിരിക്കുകയാണ്. കണ്ണൂർ ഡിപ്പോയിലെ കണ്ടക്ടറായ മാവേലിക്കര ചെറുകോൽ സ്വദേശി ടി.സുനിൽ.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുങ്ങിയതാണ്. എന്നാൽ, റെഡ് സോണായ കണ്ണൂരിൽ നിന്ന് നാട്ടിലെത്തുമ്പോൾ അയൽപക്കക്കാർക്കൊക്കെ ഭീതിയാകുമോയെന്ന് കരുതി സ്വയം ക്വാറന്റൈൻ വിധിച്ച് കണ്ണൂരിൽ ഡിപ്പോയിലെ താമസസ്ഥലത്ത് തുടരുകയായിരുന്നു ഈ 51കാരൻ.
തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകിയും പുസ്തകം വായിച്ചും ഡിപ്പോയിൽ ഓഫിസർമാർക്ക് സഹായങ്ങൾ ചെയ്തും താൻ ലോക്ക് ഡൗൺ കാലം ആസ്വദിക്കുകയാണെന്ന് സുനിൽ പറയുന്നു. ''നാട്ടിലെത്തിയാൽ വീടിന്റെ 400 മീറ്റർ ചുറ്റളവിനുള്ളിലാണ് ക്വാറന്റൈൻ സെന്റർ. വീടിന് തൊട്ടടുത്ത് വന്ന് ഒറ്റപ്പെട്ട് നിൽക്കാൻ മനസ് അനുവദിക്കുന്നില്ല'' .
താമസം ഒറ്റയ്ക്കാണെങ്കിലും പകൽ ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരുടെ കൂട്ടുണ്ട്. ഇവരാണ് മൂന്ന് നേരം ഭക്ഷണം എത്തിക്കുന്നത്. മൃഗസ്നേഹിയായ ശിശുരോഗ വിദഗ്ധ ഡോ.സുഷമ പ്രഭു എന്നും തെരുവു നായകൾക്കായി എത്തിക്കുന്ന ഭക്ഷണം അവയ്ക്ക് നൽകുന്ന ഡ്യൂട്ടി സുനിൽ ഏറ്റെടുത്തു. കൂടാതെ, ഡിപ്പോ പരിസരത്ത് എത്തുന്ന പ്രാവുകൾക്കായി റാഗിയും സൂചി ഗോതമ്പുമൊക്കെ ആവശ്യത്തിന് വാങ്ങിവെച്ചു.
ഒരു വർഷം മുമ്പാണ് സുനിൽ കണ്ണൂർ ഡിപ്പോയിൽ ട്രാൻസ്ഫറായി എത്തിയത്. കണ്ണൂർ സ്പോർട്സ് ഡിവിഷൻ സ്കൂളിലെ വിദ്യാർത്ഥിനികളെ തിരുവനന്തപുരത്ത് എത്തിക്കുന്ന സ്പെഷ്യൽ ഡ്യൂട്ടിക്കായാണ് മാർച്ച് 21ന് ബസ് പുറപ്പെട്ടത്. 22ന് ജനത കർഫ്യൂ ആയിരുന്നതിനാൽ പകൽ തിരുവനന്തപുരത്ത് തങ്ങി. അന്ന് രാത്രി 11മണിയോടെ മടക്കയാത്ര . 23ന് രാവിലെ 10ന് കണ്ണൂരെത്തി. പിറ്റേന്ന് മുതൽ ലോക്ക് ഡൗണും പ്രഖ്യാപിച്ചു. കെ.എസ്.ആർ.ടി.സി ഇടപെട്ട് ജീവനക്കാരെ നാട്ടിലെത്തിക്കുന്നതിന് അവസരം ഒരുക്കിയെങ്കിലും കണ്ണൂരിൽ തുടരാനായിരുന്നു സുനിലിന്റെ തീരുമാനം. നിരന്തരം പരിശോധനകൾ നടത്തി ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. ചെറുകോൽ ശ്രീനിലയത്തിൽ സുനിലിന്റെ വരവും കാത്തിരിക്കുകയാണ് ഭാര്യ മഞ്ജുവും മക്കളായ ഹരിശങ്കറും അരുൺശങ്കറും.