കായംകുളം: നിലവിൽ കായംകുളം കാദീശ ഓഡിറ്റോറിയത്തിൽ പ്രവർത്തിച്ചുവരുന്ന ജനകീയ ഹോട്ടൽ 17 മുതൽ കെ.പി.എ.സി ജംഗ്ഷനിലുള്ള നഗരസഭ വക സ്ഥലത്തേയ്ക്ക് മാറ്റുമെന്ന് നഗരസഭാ ചെയർമാൻ എൻ.ശിവദാസൻ അറിയിച്ചു. ഇവിടെ സാധാരണ ഊണിന് 20 രൂപയായിരിക്കും. പാഴ്‌സൽ വീടുകളിൽ എത്തിക്കുന്നതിന് 5 രൂപയും സ്‌പെഷ്യൽ വിഭവങ്ങൾക്ക് 30 രൂപയും അധികമായി നൽകണം. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആരംഭിക്കുന്ന ജനകീയ ഹോട്ടലിൽ നഗരസഭയിലെ വെസ്റ്റ് സി.ഡി.എസി​ന്റെ കീഴിൽ വരുന്ന 34-ാം വാർഡിലെ പാലാഴി അയൽക്കൂട്ട യൂണിറ്റാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഈസ്റ്റ് സി.ഡി.എസി​ന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ജനകീയ ഹോട്ടൽ ഉടൻ ആരംഭിക്കും. ഇതോടൊപ്പം സാമൂഹ്യ അടുക്കള വഴി നൽകി വരുന്ന സൗജന്യ ഭക്ഷണവിതരണം കാദീശ ഓഡിറ്റോറിയത്തിൽ തന്നെ തുടരും.

കമ്മ്യൂണിറ്റി കിച്ചൺ വഴി നിലവിൽ 250 പേർക്കാണ് സൗജന്യമായി ഭക്ഷണം നൽകിവരുന്നത്. സാമൂഹ്യ അടുക്കളയുടെ പ്രവർത്തനത്തിനായി നിരവധി സന്നദ്ധസംഘടനകൾ ഭക്ഷണസാധനങ്ങൾ നഗരസഭയിൽ എത്തിക്കുന്നുണ്ട്. ഭക്ഷണം തയ്യാറാക്കുന്നതിനുള്ള എല്ലാ സാധനങ്ങളും, പച്ചക്കറി, പലവ്യഞ്ജനങ്ങൾ ഉൾപ്പടെ നഗരസഭ സ്വീകരിക്കും.