കായംകുളം: കാൻസർ, കിഡ്‌നി, ഹൃദയസംബന്ധ രോഗബാധിതരായി ചികിത്സയിൽ കഴിയുന്ന നഗരസഭാ പരിധിയിലുള്ള രോഗികൾക്കായി ധർമ ചികിത്സാപദ്ധതി പ്രവർത്തനം ആരംഭിച്ചതായി നഗരസഭാ ചെയർമാൻ അറിയിച്ചു. ഇത് പ്രകാരം ചികിത്സയിൽ കഴിയുന്ന രോഗികളെ നഗരസഭയിലെ ഡോക്ടർമാർ പരിശോധിക്കുകയും അവർ നിലവിൽ ഉപയോഗിക്കുന്നത് അടക്കമുള്ള മരുന്നുകൾ നഗരസഭ സൗജന്യമായി നൽകും. ഇതിന് വേണ്ടി ആശുപത്രി സൂപ്രണ്ട് ഡോ. മനോജ്, ഡോ. സജീവ് മുഹമ്മദ്, ഡോ. മെൽവിൻ ആന്റണി എന്നിവരടങ്ങിയ ടീമിനെ നിശ്ചയിച്ചു.

വാർഡുകളിൽ നിന്നും നഗരസഭാ കൗൺസിലർമാരും ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും ചേർന്ന് വീടുകൾ സന്ദർശിച്ചാണ് രോഗികളെ കണ്ടെത്തുന്നത്. രോഗികളുടെ പേരുകൾ നഗരസഭയിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ ഡോക്ടർമാർ വീടുകളിൽ എത്തി പരിശോധിക്കുന്നതാണ്. പരിശോധനാ റിപ്പോർട്ട് താലൂക്ക് ആശുപത്രിയിലെ സ്‌പെഷ്യൽ ഡോക്ടർമാർ അടങ്ങിയ ടീം പരിശോധിച്ചതിന് ശേഷം മരുന്ന് വാങ്ങി നðകുന്നതാണ്. നിലവിൽ നഗരസഭാ പരിധിയിൽ 39 കിഡ്‌നി രോഗികളുടെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട് മറ്റ് രോഗികളുടെ ലിസ്റ്റ് കിട്ടികഴിഞ്ഞാൽ ഉടൻ പദ്ധതി നടപ്പിലാക്കി തുടരും. ഈ ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും മരുന്ന് വീട്ടിൽ എത്തിക്കും. വിലപിടിപ്പുള്ള മരുന്നുകളാണ് വാങ്ങി നൽകുന്നത് എന്നുള്ളതിനാൽ പാവപ്പെട്ടവർ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തണമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു. ഈ ധർമ്മ ചികിത്സാ പദ്ധതിക്കായി 5 ലക്ഷം രൂപയുടെ മരുന്ന് വാങ്ങാൻ നഗരസഭ തീരുമാനിച്ചു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് നഗരസഭാ കൺട്രോൾ റൂം നമ്പരായ 0479 2445060 എന്ന നമ്പരിലോ നഗരസഭാ കൗൺസിലർമാരെയോ ബന്ധപ്പെടണം.