ആലപ്പുഴ: കൊവിഡിന്റെ പേരിലുള്ള സാലറി ചലഞ്ചിൽ നിന്നും സർക്കാർ പിൻവാങ്ങണമെന്നും പ്രതിരോധ പ്രവർത്തനത്തിൽ ഏർപെട്ടിരിക്കുന്ന ആരോഗ്യം, പൊലീസ്, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാർക്ക് ഹരിയാന സർക്കാർ നൽകിയതു പോലെ അധിക വേതനം ലഭ്യമാക്കണമെന്നും കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി എ.പ്രകാശ് ആവശ്യപ്പെട്ടു. ജില്ലാ ഭാരവാഹി യോഗം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻ.ജി.ഒ സംഘ് പ്രവർത്തകർ ഒരു ദിവസത്തെ അടിസ്ഥാന ശമ്പളത്തിൽ കുറയാത്ത തുക പ്രധാനമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചു. ഇടതുപക്ഷ സർവീസ് സംഘടന പ്രതിനിധികൾ പി.എം കെയറിലേക്ക് ഒരു ദിവസത്തെ ശമ്പളം നൽകി മാതൃക കാണിക്കാൻ തയ്യാറാവണം. സ്ഥലമാറ്റ ഭീഷണി നടത്തി സാലറി ചലഞ്ച് നടപ്പാക്കാൻ ശ്രമിച്ചാൽ നിയമപരമായി നേരിടാൻ കേരളാ എൻ.ജി.ഒ സംഘ് തയ്യാറാകുമെന്ന് എ,പ്രകാശ് പറഞ്ഞു.