ആലപ്പുഴ: ലോക്ക് ഡൗൺ കാലത്ത് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനകൾ കർശനമായതോടെ ഉപഭോക്താക്കൾക്ക് മത്സ്യലഭ്യതയിൽ വൻ ഇടിവ്. തട്ടുകളിൽ കച്ചവടം നടത്തിയിരുന്നവരെ കണികാണാൻ പോലുമില്ല. വീട്ടുവാതിൽക്കൽ സൈക്കിളിലോ ബൈക്കിലോ എത്തുന്ന കച്ചവടക്കാർ കൊണ്ടുവരുന്ന മത്സ്യത്തിന് പൊന്നും വില നൽകണം. മാർക്കറ്റിൽ പോയി മീൻ വാങ്ങണമെങ്കിൽ സത്യവാങ്മൂലം എഴുതി നൽകണം. ഇതോടെ മത്സ്യ രഹിത ലോക്ക് ഡൗൺ കാലവുമായി പലരും ഇണങ്ങിത്തുടങ്ങി. ലോക്ക് ഡൗൺ തുടങ്ങിയതോടെ നടന്ന പരിശോധനകളിൽ സംസ്ഥാനത്താകെ ടൺ കണക്കിന് പഴകിയ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. വലിയ മത്സ്യങ്ങളിലാണ് വ്യാപകമായി രാസവസ്തുക്കൾ ചേർത്തതായി കണ്ടെത്തിയത്. മത്തിയും വളർത്തുചെമ്മീനുമാണ് ഇപ്പോൾ മാർക്കറ്റിലെ താരങ്ങൾ. കിലോയ്ക്ക് 400 രൂപയിലധികം വിലവരുന്നതിനാൽ, പണിയില്ലാതെ വീട്ടിലിരിക്കുന്ന സാധാരണക്കാരന് ഇവയും അപ്രാപ്യമാണ്.

വാങ്ങാൻ ഭയം

പഴകിയ മത്സ്യങ്ങൾ ധാരാളമായി കണ്ടെടുത്തതോടെ നല്ല മീൻ നൽകിയാലും വാങ്ങാൻ ജനങ്ങൾക്ക് ഭയമാണ്. നഗരസഭയും ഭക്ഷ്യവകുപ്പും സംയുക്തമായി വഴിയോരക്കച്ചവടങ്ങൾ ഒഴിപ്പിക്കാൻ ഇറങ്ങിയത് പഴകിയ മത്സ്യങ്ങൾ വിൽക്കുന്നതിനാലാണെന്ന വ്യാജ പ്രചരണം കൂടിയായതോടെ മീൻ കച്ചവടത്തിന് പൂട്ട് വീണു. ഇതോടെ കോഴിയിറച്ചിയുടെ ഡിമാൻഡ് വർദ്ധിച്ചു.


മീൻവില (കിലോഗ്രാമിന് രൂപയിൽ )

ചെമ്മീൻ- 400

മത്തി - 300

മത്സ്യബന്ധനത്തിന് അനുമതി

നിലവിൽ അഞ്ച് പേരടങ്ങിയ ചെറുവഞ്ചികൾക്കാണ് കടലിൽ പോകാൻ അനുമതി

രാത്രിയിൽ കടലിൽ മത്സ്യബന്ധനം പാടില്ല

ആലപ്പുഴയിലുള്ളത് അഞ്ച് വിൽപ്പന കേന്ദ്രങ്ങൾ

.ലേലം ഒഴിവാക്കിയുള്ള വിൽപ്പന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ

''മത്സ്യഫെഡ് പോലുള്ള ഏജൻസികൾ നല്ല മീൻ മാർക്കറ്റിലെത്തിക്കുന്നതോടെ ജനങ്ങളുടെ ഭയം അകലും. എല്ലാ ഗ്രാമത്തിലും കോൾഡ് സ്റ്റോറേജ് സംവിധാനം ഉൾപ്പടെ റീട്ടയിൽ ഷോപ്പുകൾ ആരംഭിക്കണം.

- ലാൽ കോയിപ്പറമ്പിൽ, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ