 മഴയ്ക്കു മുമ്പ് കൊയ്ത്ത് തീർക്കേണ്ടത് 35 ശതമാനം പാടങ്ങൾ

ആലപ്പുഴ: കുട്ടനാട്ടിൽ 35 ശതമാനം പാടങ്ങൾ കൂടി കൊയ്യാനിരിക്കെ, മഴയെത്തും മുമ്പ് കൊയ്ത്ത് പൂർത്തിയാക്കാനാവുമോ എന്ന ആശങ്കയിലാണ് കർഷകർ.

റാണി, രാമരാജപുരം, മംഗലം മാണിക്യമംഗലം കായൽനിലങ്ങളിൽ കൊയ്ത്ത് തുടങ്ങി. കൈനകരി, നെടുമുടി, തകഴി പഞ്ചായത്തുകളിലും പുരോഗമിക്കുന്നു. മേയ് പത്തോടെ കൊയ്ത്ത് തീർക്കാമെന്നാണ് കൃഷി വകുപ്പിന്റെ പ്രതീക്ഷ. അല്ലെങ്കിൽ മഴയിൽ മുങ്ങും. 19,967 ഹെക്ടറിലാണ് കൊയ്ത്ത് നടന്നത്. 94,960 മെട്രിക് ടണ്ണിലേറെ നെല്ല് സംഭരിച്ചു. ലോക്ക് ഡൗണും, യന്ത്രങ്ങൾ കിട്ടാൻ വൈകിയതുമാണ് കൊയ്ത്തിന്റെ വേഗം കുറച്ചത്. എന്നാൽ സർക്കാർ ഇടപെടൽ വൻ പ്രതിസന്ധി ഒഴിവാക്കി. നെല്ല് സംഭരിക്കാനും ലോറികളിൽ കൊണ്ടുപോകാനും പ്രത്യേക പ്രോട്ടോക്കോൾ തയ്യാറാക്കി. ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരനും ഭക്ഷ്യമന്ത്രി പി.തിലോത്തമനും ഇക്കാര്യത്തിൽ പ്രത്യേക താത്പര്യം കാട്ടി.

 നെല്ല് വീണു

കായൽ നിലങ്ങളിലെ നെല്ല് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ നിലം പൊത്തിയതും തിരിച്ചടിയായി. ഒരേക്കർ നിലം കൊയ്യാൻ ഒന്നര മണിക്കൂർ മതി. എന്നാൽ വീണു കിടക്കുന്ന നെല്ലാവുമ്പോൾ രണ്ടര മണിക്കൂർ

വരെ വേണം. കൃഷി വകുപ്പിന്റേതും വ്യക്തികളുടെതും കഴിഞ്ഞാൽ തമിഴ്നാട്ടിൽ നിന്നാണ് യന്ത്രങ്ങൾ വരുന്നത്. പാടശേഖരങ്ങളിൽ മണിക്കൂറിന് 1700 രൂപയും കായൽ നിലങ്ങളിൽ 2000 രൂപയുമാണ് കൂലി.കായൽ നിലങ്ങളിൽ യന്ത്രമെത്തിക്കാൻ ജംഗാർ വേണ്ടിവരുമെന്നതിനാലാണ് കൂലി കൂടുന്നത്.

'കുട്ടനാട്ടിൽ കൊയ്ത്തിന്റെ നിർണ്ണായക ദിനങ്ങളാണിത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഇതേ സമയം കൊയ്ത്ത് നടക്കുന്നു.അവിടെ നിന്ന് യന്ത്രം വരണമെങ്കിൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതി വേണം നിശ്ചിത സമയത്ത് കൊയ്ത്ത് തീർക്കും'.

-ലതാജോർജ്,

പ്രിൻസിപ്പൽ കൃഷി ഓഫീസർ

286 :കൊയ്ത്ത് യന്ത്റങ്ങളാണ് നിലവിൽ ജില്ലയിലുള്ളത്.

100എണ്ണം കൂടി എത്തിക്കും

സംഭരണം ഇതുവരെ

ഇതുവരെ സംഭരിച്ചത് : 94,960 മെട്രിക് ടൺ

ഇനി സംഭരിക്കാനുള്ളത് 6474 മെട്രിക് ടൺ

 255 : 255 കോടി രൂപയുടെ നെല്ലാണ് ഇതുവരെ സംഭരിച്ചത്.

 89,12,34,263 രൂപ കർഷകർക്ക് നൽകി

സംഭരണവില

കിലോഗ്രാമിന് 26.95 രൂപ പ്രകാരമാണ് നെല്ല് സംഭരിക്കുന്നത്.


നെല്ല് സംഭരണം കാര്യക്ഷമം: മന്ത്രി സുധാകരൻ
നെല്ല് സംഭരണം ജില്ലയിൽ കാര്യക്ഷമമായി നടക്കുന്നതമായി മന്ത്റി ജി. സുധാകരൻ പറഞ്ഞു. ജില്ലയിൽ ഇതുവരെ 1,01,439 മെട്റിക് ടൺ നെല്ല് 19,967 ഹെക്ടറിൽ നിന്നും കൊയ്തു. ആകെ 28,814 ഹെക്ടർ നെൽപ്പാടമാണ് ജില്ലയിലുള്ളത്. 8,867 ഹെക്ടർ കൂടി കൊയ്യാൻ ബാക്കിയുണ്ട്. 85ശതമാനം കൊയ്ത്തും സംഭരണവും ഏപ്രിൽ 30ഓടെ പൂർത്തിയാകും. മേയ് മാസത്തോടെ മുഴുവൻ കൊയ്ത്തും സംഭരണവും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്