ആലപ്പുഴ : വള്ളികുന്നം സ്വദേശിനിയായ യുവതിയെ നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും വിവാഹ വാഗ്ദാനം നൽകിയും പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ, മാവേലിക്കരയിലെ അഭിഭാഷകനും എൻ.സി.പി നേതാവുമായ മുജീബ് റഹ്മാനെ സംരക്ഷിക്കുന്ന നടപടിയാണ് പൊലീസും സർക്കാരും സ്വീകരിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സമിതി ആരോപിച്ചു.
മുജീബ് റഹ്മാനിൽ നിന്ന് വധഭീഷണി ഉള്ളതായി യുവതി ഓച്ചിറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും അന്വേഷണം നടത്താത്തത് ഉന്നതരുടെ പങ്ക് പുറത്തു വരുമെന്ന ഭീതിയെ തുടർന്നാണ്. ഈ വിഷയത്തിൽ പൊലീസ് അലംഭാവം തുടരുന്ന പക്ഷം, ശക്തമായ സമരപരിപാടികൾ നടത്താൻ ഹിന്ദു ഐക്യവേദി നിർബന്ധിതമാകുമെന്നും ജില്ലാ ജനറൽ സെക്രട്ടറി സി.എൻ.ജിനു വാർത്താ കുറിപ്പിൽ അറിയിച്ചു. പലവിഷയങ്ങളിലും സ്വമേധയാ കേസെടുക്കുന്ന വനിതാ കമ്മീഷനും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ലെന്നുള്ളതും ഗൗരവകരമാണെന്ന് ജിനു പറഞ്ഞു.