പൂച്ചാക്കൽ : തൈക്കാട്ടുശേരി പഞ്ചായത്ത് ആറാം വാർഡിലെ പൂച്ചാക്കൽ നഗരി ഭാഗത്ത് വിരുന്നെത്തിയ നാലു കുരങ്ങുകൾ നാട്ടുകാർക്ക് പൊല്ലാപ്പാകുന്നു. കോഴിക്കൂട്ടിൽ കയറി മുട്ടകൾ ഉടയ്ക്കുക,അടുക്കളയിൽ കയറി കലത്തിലും,ചട്ടിയിലും സൂക്ഷിച്ചു വച്ചിട്ടുള്ള ആഹാരസാധനങ്ങൾ മറിച്ചിടുക, അലക്കിയിട്ടിരിക്കുന്ന തുണികൾ കടിച്ചുകീറുക തുടങ്ങിയവയാണ് കുരങ്ങുകളുടെ വികൃതികൾ. പാടശേഖരങ്ങളിൽ വിളവെടുക്കാൻ പാകത്തിലായ പച്ചക്കറികൾ നശിപ്പിക്കുന്നുമുണ്ട്. ഓടിക്കാൻ ശ്രമിച്ചാൽ ഇവ അക്രമ സ്വഭാവം പ്രകടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.

തമിഴ്നാട്ടിൽ നിന്നും പച്ചക്കറിയുമായെത്തുന്ന ലോറികളിലായിരിക്കും കുരങ്ങുകൾ ഇവിടെ എത്തിയതെന്നാണ് നാട്ടുകാരുടെ സംശയം. ആദ്യമൊക്കെ ആളുകൾ കുരങ്ങുകളോടെ കൗതുകത്തോടെ കാണുകയും ആഹാരം കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവ അതിക്രമം തുടങ്ങിയതോടെ പൊറുതി മുട്ടിയ നാട്ടുകാർ പരാതിയുമായി വനംവകുപ്പിന് മുന്നിലെത്തി. പഞ്ചായത്തംഗം പ്രമോദ് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ടി. ലിതേഷിന്റെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്പോണ്ട് ടീം എത്തി കുരങ്ങുകളെ പിടിക്കാൻ കെണിയൊരുക്കി.കൂടിനുള്ളിൽ വച്ചിരിക്കുന്ന പൈനാപ്പിളിന്റെ മണം പിടിച്ച് കുരങ്ങുകൾ എത്തുമെന്നാണ് പ്രതീക്ഷ. ബീറ്റ് ഓഫീസർമാരായ അജയകുമാർ, എഫ്. യേശുദാസ് ,സഞ്ജുമോൻ, പി.ആർ.സജി എന്നിവരും ഫോറസ്റ്റ് സംഘത്തിലുണ്ട്.