ആലപ്പുഴ:ലോക്ക്ഡൗൺ കാലത്ത് വില്പനയ്ക്കായി കടയിലും ടെറസിലുമായി ശേഖരിച്ച വീര്യം കൂടിയ 850ലിറ്റർ വ്യാജ അരിഷ്ടം എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തു. ആലപ്പുഴ പഴവീട് അഞ്ജനം വീട്ടിൽ തുളസീധരനെ എക്സൈസ് ഇൻസ്പെക്ടർ അമൽരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു. പഴവീട് ക്ഷേത്രത്തിന് സമീപത്തെ കടയിൽ വീര്യം കൂടിയ അരിഷ്ടം വില്പന നടത്തുന്നതായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ ബിനുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കടയുടെ അകത്തുനിന്നും മേൽക്കൂരയിലൽ നിന്നുമായി 1700കുപ്പി വ്യാജ അരിഷ്ടം പിടിച്ചെടുത്തത്. പെരുമ്പാവൂരിൽ നിന്ന് കഴിഞ്ഞ ദിവസം കൊണ്ടുവന്നതാണ് വീര്യം കൂടിയ അരിഷ്ടം. കുപ്പിക്ക് 90മുതൽ 120രൂപ വരെ വിലയ്ക്കാണ് വില്പന നടത്തിയത്. അരിഷ്ടം വാങ്ങി പെപ്സിയോ സ്പ്രൈറ്റോ ചേർത്ത് കഴിച്ചാൽ മദ്യത്തിൽ നിന്ന് കിട്ടുന്ന ലഹരി ലഭിക്കും.ശർക്കരയിൽ സ്പിരിറ്റ് ചേർത്ത് കുപ്പികളിൽ നിറച്ച് കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക നിഗമനം. റെയിഡിൽ പ്രിവന്റീവ് ഓഫീസർ എ.അജീബ്, സിവിൽ എക്സൈസ് ഓഫീസർമാരായ എച്ച്.മുസ്തഫ, പി.ജി.ബിപിൻ, പി.പ്രദീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം.വി.വിജി എന്നിവരും പങ്കെടുത്തു.