ആലപ്പുഴ : ജില്ലയിലെ ചില പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൺ നിറുത്തിയതിന് അതത് പഞ്ചായത്ത് സെക്രട്ടറിമാർ സമാധാനം പറയേണ്ടി വരുമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് ആർക്കും ഭക്ഷണം മുങ്ങരുതെന്നത് സർക്കാർ നയമാണ്.ഇതിന് വേണ്ടിയാണ് സാമൂഹ്യ അടുക്കളകൾ ആരംഭിച്ചത്. സർക്കാരിന്റെ അറിയിപ്പ് വരുന്നതു വരെ ഇത് നടത്തേണ്ടതാണ്.
ജില്ലയിൽ മാർച്ച് 28 മുതൽ ഇന്നലെ വരെ 20 ദിവസങ്ങളിലായി 6 ലക്ഷത്തോളം പേർക്ക് ഭക്ഷണം വിതരണം ചെയ്തു.
നിറുത്തിവച്ച പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ ഉടനടി പുനരാരംഭിക്കാൻ കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.
തീരപ്രദേശങ്ങളിൽ ഭക്ഷണം വേണ്ടത്ര കിട്ടുന്നില്ലെന്ന ആലപ്പുഴ രൂപതയുടെ വിമർശനം ശ്രദ്ധയിൽപ്പെട്ടതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു. ഇതേപ്പറ്റിയും അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ കളക്ടറോട് ആവശ്യപ്പെട്ടു. തീരദേശത്തെ ഭക്ഷ്യ വിതരണം, കമ്യൂണിറ്റി കിച്ചൺ നിർത്തിയത്, കമ്യൂണിറ്റി കിച്ചൺ ശക്തിപ്പെടുത്തൽ, കുട്ടനാട്ടിലെ കൊയ്ത്ത് എന്നിവ പരിശോധിക്കാൻ ഇന്ന് വൈകിട്ട് 3.30 ന് കളക്‌ട്രേറ്റിൽ ഉന്നതതല യോഗം വിളിക്കാൻ മന്ത്രി ജി.സുധാകരൻ കളക്ടർക്ക് നിർദ്ദേശം നൽകി.ജില്ലയിലെ കൊവിഡ് സ്ഥിതിഗതികൾ വിശകലനം ചെയ്യാൻ നാളെ രാവിലെ 11ന് ഉന്നതതല യോഗം ചേരും.