ചേർത്തല:കോവിഡ് ബാധിതർക്ക് അത്യാവശ്യം വേണ്ട പോർട്ടബിൾ വെന്റിലേറ്റർ കണ്ടുപിടിച്ച് അഞ്ച് എൻജിനിയറിംഗ് വിദ്യാർത്ഥികൾ.സാങ്കേതിക സർവകലാശാല കോവിഡ് സെൽ സംഘടിപ്പിച്ച മത്സരത്തിൽ 34 കോളേജുകൾ പങ്കെടുത്തതിൽ മികച്ച മോഡൽ കണ്ടെത്തിയ മംഗളം കോളേജ് ഒഫ് എൻജിനിയറിംഗ് (മെക്കാനിക്കൽ ) വിദ്യാർത്ഥികളായ തണ്ണീർമുക്കം സ്വദേശി ഇഴക്കാട്ട് അനന്തകൃഷ്ണൻ,വിഷ്ണുഭവനിൽ വിധുൻലാൽ,തട്ടാംതറയിൽ സുബിൻ,ഇന്ദുഭവൻ കിരൺ,ചേർത്തല ഗവ.പോളിടെക്നിക് കോളേജ് വിദ്യാർത്ഥി മരുത്തോർവട്ടം പാലാഴിയിൽ അഭിമന്യു എന്നിവരാണ് ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്.കോളേജിലെ എൻജിനിയറിംഗ് മെക്കാനിക്കൽ വിഭാഗം തലവൻ പ്രൊഫ.ആർ.അമലിന്റെ നിയന്ത്റണത്തിൽ നിർമ്മിച്ച പോർട്ടബിൾ വെന്റിലേറ്റർ തിരുവനന്തപുരം ശ്രീചിത്രാ കാൻസർ സെന്റർ ശാസ്ത്ര വിഭാഗം മേധാവി ഡോ.വി.മുരളീധരൻ,റൂട്ട് കാസ്റ്റ് എം.ഡി.ഡോ.ബാലസുബ്രഹ്മണ്യം എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം വീഡിയോ കോൺഫറൻസിലൂടെയാണ് തിരെഞ്ഞെടുത്തത്.സർവകലാശാല ഗവേഷണ വികസന വകുപ്പിൽ നിന്നും 20,000 രൂപ പ്രതിഫലവും ഇവർക്ക് നേടാനായി.12 ഡി.സി.മോട്ടർ,കൂളിംഗ് ഫാൻ,ആർ.സി.ലെവൽ ബോർഡുകൾ എന്നിവയും അനുബന്ധ ഉപകരണങ്ങളുമാണ് യന്ത്റത്തിലുള്ളത്.ഒരു ലാപ്പ് ടോപ്പിന്റെ സഹായത്തോടെ പ്രവർത്തിപ്പിക്കാവുന്ന യന്ത്റം രോഗിയുടെ കൂടെ കൊണ്ടുനടക്കാനാകും.
പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച വിദ്യാർത്ഥികളെ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് അഭിനന്ദിച്ചു.പഞ്ചായത്ത് അംഗം തനജയും ഒപ്പമുണ്ടായിരുന്നു.മംഗളം എൻജിനിയറിംഗ് കോളേജ് തങ്ങളുടെ ഒരുവർഷക്കാലത്തെ വികസന പ്രവർത്തനങ്ങളുടെ സാങ്കേതിക സഹായത്തിന് തണ്ണീർമുക്കം പഞ്ചായത്തിനെ ദത്തെടുത്തിരുന്നു.ഇതിനിടെയാണ് കോവിഡ് ബാധിതർക്ക് സഹായമായ പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ചത്.മുഴുവൻ പേരെയും പഞ്ചായത്ത് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് ആദരിക്കുമെന്ന് അഡ്വ.പി.എസ്.ജ്യോതിസ് അറിയിച്ചു.