 പുന്നമട ഫിനിഷിംഗ് പോയിന്റിൽ മോക്ക് ഡ്രിൽ

ആലപ്പുഴ : പുന്നമട ഫിനിഷിംഗ് പോയിന്റിലേക്ക് അലാറം മുഴക്കി പാഞ്ഞെത്തിയ ആംബുലൻസിൽ നിന്ന് പി.പി.ഇ കിറ്റ് ധരിച്ച ഡ്രൈവർ ചാടിയിറങ്ങി. കെട്ടിയിട്ടിരുന്ന ഹൗസ് ബോട്ടിൽ നിന്ന് ആരോഗ്യ പ്രവർത്തകർ മാസ്ക് ധരിച്ചയാളെ ആംബുലൻസിലേക്ക് കയറ്റി. ആംബുലൻസ് നേരെ ജനറൽ ആശുപത്രിയിലേക്ക്... ഭീതിപ്പെടുത്തുന്ന അന്തരീക്ഷം... കണ്ടു നിന്ന നാട്ടുകാരുടെ നെഞ്ചിടിപ്പ് ഇരട്ടിയായി. എന്താണ് സംഭവിക്കുന്നതെന്നറിയില്ല.

ജനറൽ ആശുപത്രിയിലും പി.പി.ഇ കി​റ്റ് ഉൾപ്പെടയുള്ള സുരക്ഷാ മുൻകരുതലുകളെടുത്താണ് ആരോഗ്യ പ്രവർത്തകർ 'രോഗലക്ഷണമുള്ളയാളെ" ഐസൊലേഷൻ വാർഡിലേക്ക് കൊണ്ടുപോയത്. ഇതിനിടെ ഫിനിഷിംഗ് പോയിന്റിൽ 'രോഗലക്ഷണമുള്ളയാൾ" കിടന്നിരുന്ന ഹൗസ് ബോട്ട്, നടന്നു വന്ന വഴി എന്നിവിടങ്ങൾ ഫയർ ഫോഴ്സ്, ആരോഗ്യ വകുപ്പ് എന്നിവർ ചേർന്ന് അണുവിമുക്തമാക്കി. എല്ലാം അരമണിക്കൂറിനുള്ളിൽ കഴിഞ്ഞു.

കൊവിഡ് ലക്ഷങ്ങളുള്ളവരെ ഹൗസ് ബോട്ടുകളിൽ നിരീക്ഷണത്തിലാക്കുന്നതിന് മുന്നോടിയായി നടന്ന മോക്ക് ഡ്രില്ലായിരുന്നു ഇത്. ഇക്കാര്യമറിഞ്ഞതോടെയാണ് കണ്ടു നിന്ന നാട്ടുകാർക്ക് ശ്വാസം നേരെ വീണത്.

രാജ്യത്ത് തന്നെ ആദ്യമായാണ് ഹൗസ്‌ബോട്ടുകളിൽ കൊവിഡ് കെയർ സെന്ററുകൾ ഒരുക്കുന്നതെന്നതിനാൽ ഇതിന്റെ വെല്ലുവിളികൾ എന്തെല്ലാമെന്നറിയാനായാണ് ജില്ലാ ഭരണകൂടം വിപുലമായി രീതിയിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.

നെഹ്റു പവലിയന് സമീപം പാർക്ക് ചെയ്ത മ​റ്റൊരു ഹൗസ്‌ബോട്ടിൽ നിന്നുള്ള വ്യക്തിയെ ജനറൽ ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിക്കുന്നതിനുള്ള മോക്ക് ഡ്രില്ലും തുടർന്ന് നടന്നു. വാട്ടർ ആംബുലൻസിലാണ് ഇയാളെ ഫിനിഷിംഗ് പോയിന്റിലെത്തിച്ച് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്.