distillation

കായംകുളം: കൊവിഡ് താണ്ഡവമാടുമ്പോൾ പണത്തിനും പ്രതാപത്തിനും ഒരുവിലയും ഇല്ലെന്ന് കരുതിയാവണം പി.ഡബ്ളിയു.ഡി.റിട്ട.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഇരുനില വീട്ടിൽ ചാരായം വാറ്റിന് ഒരുക്കം തുടങ്ങിയത്. എന്തായാലും

എൻജിനീയറും റിട്ടയേർഡ് കോളേജ് സൂപ്രണ്ടായ ഭാര്യയും

ഇന്നലെ അന്തിയുറങ്ങിയത് ജയിലിൽ.

ലോക്ക് ഡൗണിന്റെ മറവിൽ ചാരായം വാറ്റാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന 80 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി കണ്ടല്ലൂർ ക്ളിന്റ് നഗറിന് സമീപം ചൈതന്യയിൽ കൃഷ്ണകുമാറും(69) ഭാര്യയുമാണ് കനകക്കുന്ന് പൊലീസിന്റെ പിടിയിലായത്.പൊതുമരാമത്ത് വകുപ്പിൽ പാലങ്ങളുടെ വിഭാഗത്തിലായിരുന്നു കൃഷ്ണകുമാറിന് ജോലി.

സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. കിരണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പൊലീസ് എത്തുമ്പോൾ ദമ്പതികൾ വീട്ടിലുണ്ടായിരുന്നു. സംശയത്തോടെയാണ് പൊലീസ് വന്നതെങ്കിലും രക്ഷപ്പെടാൻ കൃഷ്ണകുമാർ ശ്രമിച്ചതോടെ പൊലീസ് വീട് വളഞ്ഞ് റെയ്ഡ് തുടങ്ങി.

വീട്ടിനുള്ളിൽ നിന്ന് കിട്ടിയത് 30 ലിറ്റർ കോട. വീടിനോട് ചേർന്നുള്ള പറമ്പിലെ കെട്ടിടത്തിൽ നിന്ന് കിട്ടിയത് 50 ലിറ്റർ കോട. ആറ് ചാക്ക് പഞ്ചസാര, ശർക്കര, പഴങ്ങൾ,ഗ്യാസ് സിലിണ്ടറുകൾ, പാത്രങ്ങൾ എന്നിവയെല്ലാം വാറ്റിനുവേണ്ടി ശേഖരിച്ചിരുന്നു.

കോട ഒഴികെയുള്ള സാധനങ്ങൾ വീടിന്റെ മുകൾ നിലയിലാണ് സൂക്ഷിച്ചിരുന്നത്. ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് ചാരായം വാറ്റി നൽകാനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകാനാണ് പുതിയ കെട്ടിടം പണിതത്. ദമ്പതികൾ മാത്രമായിരുന്നു താമസം. രണ്ട് മക്കളിൽ ഒരാൾ അമേരിക്കയിലും മറ്റൊരാൾ ബംഗളുരുവിലുമാണ്.

എസ്.ഐ ശ്രീകാന്ത് നായർ, എ.എസ്.ഐമാരായ സതീഷ്, ശ്യാംകുമാർ, എബി എന്നിവരുൾപ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്.