ഹരിപ്പാട്: തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകൾക്കും സാനിട്ടൈസറും മാസ്ക്കും വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം 9-ാം വാർഡിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. അമ്മിണി നിർവഹിച്ചു. വാർഡ് മെമ്പർ സുധിലാൽ തൃക്കുന്നപ്പുഴ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീകല ,സന്നദ്ധ പ്രവർത്തകരായ അനിഷ് ,സതീഷ് എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ 8000 വീടുകൾക്കും നൽകുന്നതിനായി 428000 രൂപയുടെ സാനിട്ടൈസർ ആണ് വാങ്ങിയത്. 100 മി.ലി. സാനിട്ടൈസറാണ് ഓരോ വീട്ടിലും ആദ്യഘട്ടത്തിൽ നൽകുന്നത്. ഇതോടൊപ്പം രണ്ട് മാസ്ക്കുകളും നൽകും. 17 വാർഡിലും 200 മീറ്റർ തുണി വീതം നൽകി. ഇതുപയോഗിച്ച് വാർഡുകളിലെ കുടുംബശ്രീയുടെ കീഴിലുള്ള തയ്യൽ യൂണിറ്റുകളും മാർത്തോമാ മിഷൻ സെന്ററിന്റെ കീഴിലുള്ള തയ്യൽ പരിശീലന യൂണിറ്റുമാണ് മാസ്ക്കുകൾ തയ്യാറാക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന് സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ഏപ്രിൽ 20 ന് ശേഷം ഇളവ് നൽകുമ്പോൾ പുറത്തിറങ്ങുന്നതിന് എല്ലാവർക്കും മാസ്ക്ക് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് എല്ലാ വീട്ടിലും കഴുകി ഉപയോഗിക്കാൻ സാധിക്കുന്ന തുണി മാസ്ക്കുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.അമ്മിണി അറിയിച്ചു.