ആലപ്പുഴ : ജില്ലയിലെ 31 പഞ്ചായത്തുകളിൽ 16ന് കമ്മ്യൂണിറ്റി കിച്ചണുകൾ വഴി ഭക്ഷണം വിതരണം ചെയ്തത് നൂറിൽ താഴെ പേർക്ക് മാത്രം. പത്തിൽ താഴെ പേർക്ക് ഭക്ഷണം വിതരണം ചെയ്ത കാവാലം പഞ്ചായത്താണ് ഇക്കാര്യത്തിൽ ഏറ്റവും പിന്നിൽ. ഏറ്റവും കൂടുതൽ പേർക്ക് ഭക്ഷണം വിതരണം ചെയ്തത് മാരാരിക്കുളം തെക്ക് പഞ്ചായത്താണ്. 487 പേർക്ക്. പത്തിനും ഇരുപതിനുമിടയിൽ പേർക്ക് ഭക്ഷണം നൽകിയ നാലും മുപ്പതിൽ താഴെ പേർക്ക് ഭക്ഷണം നൽകിയ രണ്ടും പഞ്ചായത്തുകളുണ്ട്. മാരാരിക്കുളം വടക്ക് : 365,ബുധനൂർ :453, മണ്ണഞ്ചേരി: 435,പത്തിയൂർ:382 പുലിയൂർ: 302 എന്നിവയാണ് 16ന് കൂടുതൽ പേർക്ക് ഭക്ഷണം നൽകിയ മറ്റ് പഞ്ചായത്തുകൾ. കമ്മ്യൂണിറ്റി കിച്ചണുകളുടെ നടത്തിപ്പിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കാനാണ് ഭരണതലത്തിലുള്ള തീരുമാനം.