അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ 30 വർഷത്തോളമായി തരിശുകിടന്ന തടത്തിൽ പാടത്ത് ആരവവും ആൾക്കൂട്ടവുമില്ലാതെ വിളവെടുപ്പ്. മന്ത്രി ജി.സുധാകരൻ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് 15 ഏക്കർ വരുന്ന പാടത്ത് 10 ഏക്കറിൽ കൃഷിയിറക്കിയത്. തൊഴിലുറപ്പുതൊഴിലാളികൾ പുറംബണ്ടു ബലപ്പെടുത്തി കയർ ഭൂവസ്ത്രം വിരിച്ച് തോടിന് ആഴവും കൂട്ടിയതോടെ കൃഷിയാവശ്യത്തിനുള്ള വെള്ളവുമെത്തിച്ചു. പാടശേഖരത്ത് മോട്ടോർ ഘടിപ്പിച്ച് വൈദ്യുതി ലഭ്യമാക്കാൻ 13 പോസ്റ്റുകൾ സ്ഥാപിച്ചു. ഇവയിൽ വഴിവിളക്കുകളും ഘടിപ്പിച്ചതോടെ പതിറ്റാണ്ടുകളായി കാടു പിടിച്ച്, വിഷപ്പാമ്പുകളുടെ ആവാസകേന്ദ്രമായി മാറിയ പാടവരമ്പിലൂടെ നാടുകാർ സഞ്ചാരവും തുടങ്ങി.
പാടത്തിന്റെ പുറം വരമ്പുകളിൽ പച്ചക്കറി കൃഷിയും ആരംഭിച്ചതോടെ ഇവിടമാകെ ഹരിതാഭമായി . പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ ബാബു, ഗ്രാമ പഞ്ചായത്തംഗം ആർ. രജിമോൻ, പഞ്ചായത്ത് സെക്രട്ടറി എസ്. ബിജി, കൃഷി ഓഫീസർ ബി. ജഗന്നാഥൻ, പാടശേഖര സമിതി ഭാരവാഹികളായ സി. വി .ഉണ്ണി, അബ്ദുൾ റസാക്ക്, സി.പി. എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ .ജഗദീശൻ, പി .ജി. സൈറസ്, വി .കെ. ബൈജു, കർഷകർ, കർഷകതൊഴിലാളികൾ എന്നിവർ വിളവെടുപ്പിൽ പങ്കെടുത്തു.