തീരദേശ പഞ്ചായത്തുകളിൽ ഭക്ഷണവിതരണത്തിന് പ്രത്യേക പരിഗണന
ആലപ്പുഴ: ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണുകൾ വഴി മാർച്ച് 28മുതൽ ഏപ്രിൽ 16വരെ 3.35 ലക്ഷം പേർക്ക് ഭക്ഷണം നൽകിയതായി മന്ത്റി ജി. സുധാകരൻ പറഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനവും നെല്ല് സംഭരണവും അവലോകനം ചെയ്യുകയായിരുന്നു മന്ത്റി. കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ല കളക്ടർ എം. അഞ്ജന, വിവിധ വകുപ്പ മേധാവികൾ എന്നിവർ പങ്കെടുത്തു.
ജില്ലയിലെ പഞ്ചായത്തുകൾ വഴി 2,66,402 പേർക്കും നഗരസഭകൾ വഴി 69,351 പേർക്കും ഇതുവരെ ഭക്ഷണം നൽകി. 71 ശതമാനം പേർക്ക് ഭക്ഷണം സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ഇതുവരെ 20,520 അന്യസംസ്ഥാന തൊഴിലാളികൾക്കും കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം വിതരണം ചെയ്തു. ഒമ്പത് വിഭാഗങ്ങളായി തരംതിരിച്ചാണ് ഭക്ഷണവിതരണം. വിവിധ പഞ്ചായത്തുകളിലായി 79ഉം നഗരസഭകളിലായി 14ഉം ഉൾപ്പടെ 93 കമ്മ്യൂണിറ്റി കിച്ചണുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. മികച്ച് പ്രവർത്തനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങളെ മന്ത്റി പ്രത്യേകം അഭിനന്ദിച്ചു. ഭരണിക്കാവ്, പത്തിയൂർ, അമ്പലപ്പുഴ തെക്ക്, പള്ളിപ്പാട്, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക്, മണ്ണഞ്ചേരി, പുലിയൂർ, എന്നീ പഞ്ചായത്തുകളിൽ പ്രതിദിനം 300ലധികം പേർക്കാണ് ഭക്ഷണം നൽകുന്നത്. ആറാട്ടുപുഴ മുതൽ അരൂർ വരെയുള്ള 18 തീരദേശ പഞ്ചായത്തുകളിൽ ഭക്ഷണ വിതരണത്തിൽ പ്രത്യേക പരിഗണന നൽകാനും മന്ത്റി നിർദ്ദേശിച്ചു.
ഭക്ഷണ വിതരണം കാര്യക്ഷമമാക്കണം
31 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ഭക്ഷണ വിതരണത്തിൽ കയറ്റിറക്കമുള്ളതായി മന്ത്രി പറഞ്ഞു. ഇത് അടിയന്തിരമായി പരിശോധിച്ച് കൃത്യത ഉറപ്പാക്കാൻ ജില്ല കളക്ടറേയും പഞ്ചായത്ത് ഉപഡയറക്ടറേയും ചുമതലപ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായി ബന്ധപ്പെട്ട് എല്ലാ സ്ഥലത്തും കമ്മ്യൂണിറ്റി കിച്ചണുകൾ മികച്ച രീതിയിൽ പ്വർത്തിക്കുന്നെന്ന് ഉറപ്പാക്കണമെന്നും മന്ത്റി നിർദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങൾ അവരുടെ തനത് തുക/ പദ്ധതി തുക എന്നിവ വിനിയോഗിച്ച് കമ്മ്യൂണിറ്റി കിച്ചണുകൾ നടത്തണം. ആവശ്യത്തിന് തുക കയ്യിലില്ലാത്തവരുണ്ടെങ്കിൽ ഈ വിവരം ജില്ല കളക്ടറെ അറിയിക്കണം.
അന്യസംസ്ഥാന തൊഴിലാളികൾ:
ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി ദുരന്തനിവാരണ നിധിയിൽ നിന്നും ഇതുവരെ 60ലക്ഷം ചെലവഴിച്ചു. 16,987 അന്യസംസ്ഥാന തൊഴിലാളികളാണുള്ളത്. ആദ്യഘട്ടത്തിൽ കരാറുകാർ 8000 ലേറെ പേർക്ക് ഭക്ഷണം നൽകിയിരുന്നു. എന്നാൽ ചില ചെറുകിട കോൺട്രാക്ടർമാർ സാമ്പത്തിക ബുദ്ധിമുട്ട് അറിയിച്ചിരുന്നു. ഇപ്പോൾ കരാരുകാർ 5,800ഓളം പേർക്കാണ് ഭക്ഷണം നൽകുന്നത്. ജില്ല ഭരണകൂടം ഭക്ഷണ വിതരണത്തിൽ കൂടുതൽ അന്യസംസ്ഥാന തൊഴിലാളികളെ ഉൾപ്പെടുത്തി.