ചാരുംമൂട്: ഓച്ചിറ സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ ഓച്ചിറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയും എൻ. സി. പി നേതാവും അഭിഭാഷകനുമായ മുജീബ് റഹ്മാന് നോട്ടിരട്ടിപ്പുകാരുമായും സ്വർണകള്ളക്കടത്തുകാരുമായുള്ള ഇടപാടുകളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനു ഫിലിപ്പ് ആവശ്യപ്പെട്ടു.
കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇപ്പോൾ ഒളിവിൽ കഴിയുന്ന മുജീബിന് ഭരണകക്ഷിയിലെ ഉന്നതരുമായി നേരിട്ടുള്ള ബന്ധമാണുള്ളത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓരോ മൂക്കിനും മൂലയിലും പൊലീസ് വാഹന പരിശോധന കർശനമാക്കിയ സാഹചര്യത്തിൽ പോലും ഇയാൾ ഒളിവിൽ പോയി എന്ന പൊലീസ് ഭാഷ്യം ആഭ്യന്തരവകുപ്പിലെ ഉന്നതരുടെ ഇടപെടൽ ആണ് വ്യക്തമാക്കുന്നത്. മുജീബിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് അയാളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും പേരിൽ വാങ്ങിക്കൂട്ടിയ ബിനാമി വസ്തുവകകളെക്കുറിച്ചും കോടികളുടെ പണമിടപാടുകളെക്കുറിച്ചും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ രോഹിത് സി രാജുവും മീനു സജീവും ആവശ്യപ്പെട്ടു.